കാഞ്ഞങ്ങാടിൻ്റെ കുളിരായി ഇശല്‍ മഴ പെയ്തിറങ്ങി; എഴുപത്തഞ്ചിലും താരമായി ഹാസ്യ മാപ്പിളപ്പാട്ടുകലാകാരന്‍ കാന്തപുരം അബൂക്ക

  • Post category:news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാടിൻ്റെ കുളിരായി ഇശല്‍ മഴ പെയ്തിറങ്ങി; എഴുപത്തഞ്ചിലും താരമായി ഹാസ്യ മാപ്പിളപ്പാട്ടുകലാകാരന്‍ കാന്തപുരം അബൂക്ക

കാഞ്ഞങ്ങാട്: ഈറന്‍ കാറ്റിൻ്റെ കുളിരില്‍ തിങ്ങിനിറഞ്ഞ സദസിലേക്ക് ഇശല്‍മഴ പെയ്തിറങ്ങി. പരമ്പരാഗത മാപ്പിളപ്പാട്ടിൻ്റെ ശീലുകളും ഈണങ്ങളും നാട്ടുകാര്‍ക്ക് പരിചിതരായ ഗായകരുടെ ശബ്ദത്തില്‍ കേട്ടപ്പോള്‍ ആഹ്ലാദം ഇരട്ടിയായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലെ അഞ്ചാം സന്ധ്യയിലാണ് മാപ്പിളപ്പാട്ടുകള്‍ ഒരുക്കിയത്. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി. കാസര്‍കോട് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പും സംയുക്തമായാണ് കാസര്‍കോട് പെരുമ കലാ സാംസ്‌കാരിക മേള സംഘടിപ്പിച്ചത്. തനിമയാര്‍ന്ന പരമ്പരാഗത മാപ്പിള പാട്ടുകള്‍, പഴയകാല സിനിമ-നാടക- മാപ്പിള ഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയ മാപ്പിള പാട്ടുകള്‍ മേള നഗരിയെ ആവേശത്തിലാക്കി. ഒരുകാലത്ത് വടക്കേ മലബാറിലെ കല്യാണ വീടുകളില്‍ സ്ഥിര സാന്നിധ്യമായിരുന്ന  ഹാസ്യ മാപ്പിളപ്പാട്ടുകലാകാരന്‍ കാന്തപുരം അബൂക്ക എഴുപത്തഞ്ചിൻ്റെ ക്ഷീണമില്ലാതെ കാസ്രോട്ടുകാരെ ആവേശത്തിലാഴ്ത്തി.ചെറുപ്പുകാരായ മറ്റു പാട്ടുകാരെ നിഷ്പ്രഭരാക്കിയാണ് തമാശകള്‍ നിറഞ്ഞ പാട്ടുകള്‍പാടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ കാരണവര്‍ അബുക്ക ആസ്വദകരുടെ മനസ് കീഴടിക്കയത്. പ്രായത്തിന്റെ അവശതകള്‍ ഏതുമില്ലാതെ പാട്ടിനൊപ്പം ചുവടുവച്ചാണ് അബുക്ക സദസിൻ്റെ മനസ് കവര്‍ന്നത്.ചാനലുകളില്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ കളില്‍ വിജയികളായ ഹര്‍ഷ, തീര്‍ത്ഥ, നിഗേഷ്, അജ്മല്‍ എന്നിവരാണ് കാഞ്ഞങ്ങാടിന്റെ ഹൃദയം കീഴടക്കിയ മറ്റു ഗായകര്‍. കീബോര്‍ഡ് കമറുദ്ദീന്‍, ഗിറ്റാര്‍ ഗിരീഷ് കോഴിക്കോട്, തബല പൊന്നു കോഴിക്കോട്, റിഥം ഷമീര്‍ എന്നിവര്‍ സോപകരണ സംഗീതവും നിര്‍വഹിച്ചു.

0Shares