
കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ പ്രസ്താവന മുസ്‌ലിം വിരുദ്ധമെന്ന് കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ഈ പ്രസ്താവന വഴി ഒരു സമൂഹത്തെ മുഴുവന്‍ സി.പി.എം അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്നും വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നുമായിരുന്നു എം.വി ജയരാജന്‍റെ പ്രസ്താവന.
ഈ രീതിയില്‍ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചിരുന്നു ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ യു.ഡി.എഫ് ജയിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞിരുന്നു.
