
കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയിലെ ബൂത്തില്‍ സി.പി.എം പഞ്ചായത്ത് അംഗം അടക്കം മൂന്ന് പേര്‍ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആരോപണക്കുരുക്കില്‍ മുസ്ലീം ലീഗും. കാസര്‍കോട് മണ്ഡലത്തിന്‍റെ തന്നെ ഭാഗമായ, കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ ബൂത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്‍റെ വീഡിയോ 24 ന്യൂസും കൈരളി ടി.വിയും പുറത്തുവിട്ടു.

കല്യാശേരിയിലെ പുതിയങ്ങാടിയില്‍ 69ാം നമ്പര്‍ ബൂത്തില്‍ മൂന്ന് തവണയാണ് കള്ളവോട്ട് ഉണ്ടായത്. 69, 70 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി സി.പി.എം പറയുന്നു. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകന്‍ അടക്കമുള്ളവരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത് എന്നാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സി.പി.എം ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
പിലാത്തറയില്‍ സി.പി.എം പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ ചെയ്തത് ഓപ്പണ്‍ വോട്ടല്ല, കള്ള വോട്ട് തന്നെയാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അല്‍പ്പസമയം മുമ്പാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എല്‍.ഡി.എഫ് ബൂത്ത് ഏജന്റിന്‍റെ സഹായത്തോടെയാണ് വോട്ട് ചെയ്തത് എന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു.
