കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മെമു ട്രെയിന്‍ പാളം തെറ്റി. പാലക്കാട് എറണാകുളം മെമു സര്‍വ്വീസാണ് കളമശ്ശേരിയില്‍ പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് എറണാകുളത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂര്‍ തടസ്സപ്പെട്ടു. ഉച്ചയോടെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാളത്തിലെ സിഗ്‌നലിംഗ് പോയിന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിടെയായിരുന്നു അപകടം. അപകട കാരണം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ പറയാന്‍ കഴിയൂവെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ സിഗ്‌നല്‍ പോയിന്റിലെ ഏകോപനത്തില്‍ സംഭവിച്ച പാളിച്ചയാണ് അപകട കാരണമെന്നാണ് സൂചന. ട്രാക്ക് നിശ്ചയിക്കുന്ന സിഗ്‌നല്‍ പോയിന്റിലെ മോട്ടോര്‍ അറ്റകുറ്റപ്പണിക്കായി വിച്ഛേദിച്ചിരുന്നു. മാനുവല്‍ രീതിയില്‍ ചെയ്യേണ്ട ജോലി യഥാസമയം ചെയ്തില്ലെന്നാണ് ലഭിക്കുന്ന വിവരം.
കളമശ്ശേരിയില്‍ മെമു ട്രെയിന്‍ പാളം തെറ്റി; അപകടം പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിടെ