കല്ലട ബസില്‍ യാത്രക്കാർക്ക് ജീവനക്കാരുടെ ക്രൂര മർദ്ദനം; ബസ് കമ്പനി മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing കല്ലട ബസില്‍ യാത്രക്കാർക്ക് ജീവനക്കാരുടെ ക്രൂര മർദ്ദനം; ബസ് കമ്പനി മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: തിരുവനന്തപുരം നിന്ന് നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ട്രാവല്‍സ് ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കമ്പനി മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കല്ലട ബസ് പിടിച്ചെടുക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ മരട് പോലീസ് കേസെടുത്തിരുന്നു.

അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മര്‍ദനമേറ്റവരുടെ മൊഴിയെടുത്തശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റം ചുമത്തും.

കേടായ ബസിനുപകരം ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെട്ടതിനാണ് യുവാക്കളെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞിരുന്നത്.

ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസില്‍ എത്തിയപ്പോള്‍ ഹരിപ്പാട് വെച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യാത്രക്കാരെ അക്രമിക്കുകയായിരുന്നു.

0Shares