
തൃശൂര്‍:സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ആദ്യ ദിനം കണ്ടെത്തിയത് നാല് വ്യജ അപ്പീലുകള്‍, ബാലവകാശ കമ്മീഷന്റെ പേരിലുള്ള മത്സരാര്‍ത്ഥികളുടെ അപ്പീലുകള്‍ ഡി. പി. എ പിടിച്ചെടുത്തു.അപ്പീല്‍ ഉത്തരവില്‍ വ്യാജ ഒപ്പുമായാണ് മത്സരാര്‍ത്ഥികള്‍ എത്തിയത്. കേരള നടനം, കോല്‍കളി, വട്ടപ്പാട്ട്, ഒപ്പന തുടങ്ങിയ ഇനങ്ങള്‍ക്കാണ് വ്യജ അപ്പീലുകളുമായി എത്തിയത്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരെയാണ് വ്യജ അപ്പീലുകളില്‍ പിടികൂടിയത്.

മലപ്പുറത്തുനിന്ന് ഉത്തരവുമായി വെള്ളിയാഴ്ച എത്തിയത് രണ്ടു മുതിര്‍ന്നവരാണ്. ലോവര്‍ അപ്പീല്‍ അധികൃതര്‍ ഇതു നിരസിച്ചപ്പോള്‍ തന്നെ ഇവര്‍ സ്ഥലംവിട്ടു. അന്നുതന്നെ തൃശ്ശൂര്‍ ജില്ലയില്‍നിന്നു വന്നത്, ഉത്തരവ് ശരിയെന്നു ധരിച്ച രണ്ട് അമ്മമാരാണ്. വ്യാജ ഉത്തരവാണെന്ന് അധികൃതര് പറഞ്ഞെങ്കിലും വിശ്വസിക്കാതെ ഇവര്‍ ശനിയാഴ്ചയും അപ്പീല്‍ ഓഫീസിനു മുന്നില്‍ കാത്തിരിക്കുകയായിരുന്നു. നൃത്താധ്യാപകനാണ് ഇവര്‍ക്ക് അപ്പീല്‍ശരിയാക്കിയത്.
നൂറിലേറെ വ്യാജ അപ്പീല്‍ ഉത്തരവുകള്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന. വ്യാജ അപ്പീലുകളുമായെത്തിവര്‍ക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് ആലോചിക്കുകയാണെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പറഞ്ഞു. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നായി രണ്ടുവീതം ഉത്തരവുകളാണ് തിരിച്ചറിഞ്ഞത്. മലപ്പുറത്തു നിന്നുള്ളതില് ഒന്ന് ഹയര്‍ സെക്കന്ററി വിഭാഗം വട്ടപ്പാട്ടിലേക്കാണ്. ഈ ടീം ഡി. ഡി. ഇ. ക്ക് അപ്പീല്‍ പോലും നല്‍കിയിട്ടില്ല. ഡി. ഡി. ഇ. അപ്പീല്‍ നിരസിക്കുമ്പോഴാണ് നീതിന്യായ സംവിധാനങ്ങളില്‍ അപ്പീല്‍ അപേക്ഷ എത്താറുള്ളത്.
