
ഇരിയണ്ണി / കാസർകോട്: ഗ്രാമീണ ജനതയുടെ നന്മയും കൂട്ടായ്മയുമാണ് ഇരിയണ്ണിയിൽ നടന്ന കലോത്സവ വിജയത്തിന് പിന്നിലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഇരിയണ്ണി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 60-> മത് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാട് ഒരുങ്ങിപ്പുറപ്പെട്ടാൽ എത്ര പ്രയാസകരമായ ലക്ഷ്യവും സാക്ഷാത്കരിക്കാൻ കഴിയുമെന്ന് ഇരിയണ്ണിയിലെ ജനങ്ങൾ തെളിയിച്ചിരിക്കുന്നു. ഏത് വേദിയിലേക്ക് കടന്നു ചെല്ലുമ്പോഴും നിറഞ്ഞ സദസാണ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് കാണാൻ കഴിഞ്ഞത്. കലോത്സവങ്ങളിൽ സൗഹാർദ്ദ പരമായ മത്സരമാണ് നടക്കേണ്ടത്. കാഞ്ഞങ്ങാട് വച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ കാസർകോടിന്‍റെ അഭിമാനതാരങ്ങളായി മാറാൻ ഇവിടത്തെ വിജയകൾക്ക് കഴിയട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങില്‍ സംഘാടക സമിതി ചെയർമാൻ കെ. കുഞ്ഞിരാമൻ എം.എൽ.എ.അധ്യക്ഷനായി. വിജയികൾക്ക് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് സമ്മാനം നൽകി. സോവനീർ ഇരിയണ്ണിയിലെ റിട്ട. അധ്യാപകൻ സി. കുഞ്ഞമ്പുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. കലോത്സവത്തിനെത്തിയ എല്ലാ വർക്കുമുള്ള ഭക്ഷണം പാചകം ചെയ്ത ഇരിയണ്ണിയിലെ വിഷ്ണു ഭട്ടിനും മന്ത്രി ഉപഹാരം നൽകി.
വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി പുഷ്പ, ഡി.ഇ.ഒ മാരായ എൻ.നന്ദികേശൻ, കെ.സരസ്വതി, കൈറ്റ് കോ-ഓർഡിനേറ്റർ എം.പി.രാജേഷ്, ആദൂർ സി.ഐ കെ.പ്രേംസദൻ, എ.ഇ.ഒ മാരായ അഗസ്റ്റിൻ ബർണാർഡ് മൊണ്ടേലോ, വി.ദിനേശ, പി.വി ജയരാജ്, ടോംസൺ ടോം, സബ്ബ് കമ്മിറ്റി കൺവീനർമാരായ കെ.നൗഫൽ, വി.എം കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
