കാഞ്ഞങ്ങാട്(കാസർകോട്): കാസര്‍കോടന്‍ മണ്ണില്‍ കൗമാര കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി ഏഴു ദിനങ്ങള്‍ കൂടി മാത്രം. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോടന്‍ മണ്ണില്‍ വിരുന്നെത്തുന്ന കേരള സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് ആരെയും മുഷിപ്പിക്കാതെ സന്തോഷത്തോടെ യാത്രയാക്കാനുള്ള ഒരുക്കത്തിലാണ് ഭക്ഷണ കമ്മറ്റി. ആരും വയറു വിശന്നിരിക്കരുതെന്ന കരുതലിലാണ് അവര്‍. മത്സരം കഴിഞ്ഞ് തിരിച്ചു പോകുന്ന മത്സരാര്‍ത്ഥികളേയും വെറും വയറോടെ ഭക്ഷണക്കമ്മറ്റി തിരിച്ചു വിടില്ല. കൈകളില്‍ പൊതിച്ചോറും നല്‍കി, കരുതലോടെ മാത്രമേ കലാ നഗരിയില്‍ നിന്നും യാത്ര അയക്കു. ഭക്ഷണപ്പുരയിലെത്തുന്ന എല്ലാപേര്‍ക്കും വയറു നിറയെ ഉണ്ണാനുള്ള സൗകര്യം ഒരുങ്ങുകയാണ്. 27ന് പാലുകാച്ചല്‍ ചടങ്ങിന് ശേഷം ഭക്ഷണപ്പുര ഉണരും. മലബാറിൻ്റെ രുചിക്കൂട്ടുകള്‍ക്കൊപ്പം തുളുനാടന്‍ സീറയും, ഹോളിഗയും മതസരാര്‍ത്ഥികള്‍ക്ക് ആസ്വദിക്കാം. പാല്‍പായസം, പ്രഥമന്‍ തുടങ്ങി പായസങ്ങളുടെ നീണ്ട നിര തന്നെ സദ്യയിലുണ്ടാകും. പ്രഭാത ഭക്ഷണത്തിന് ഇടിയപ്പവും ഇഷ്ടുവും കൊഴക്കട്ടയും മറ്റ് കേരളീയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തും.
ഭക്ഷണ പുരയിലേക്ക് സ്‌കൂള്‍ ബസുകളുടെ സൗജന്യ സേവനം: പ്രധാനവേദിയായ ഐങ്ങോത്ത് നിന്നും 1.5കിലോമീറ്റര്‍ അകലെയായി കൊവ്വല്‍പ്പള്ളിയിലാണ് ഭക്ഷണപ്പുര സജ്ജമാക്കിയിരിക്കുന്നത്. പതിനെട്ട് കൗണ്ടറുകളിലായി 2750 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാം. വിവിധ വേദികളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണപ്പുരയിലേക്കെത്താന്‍ സ്‌കൂള്‍ ബസ്സുകളുടെ സൗജന്യ സേവനം ലഭ്യമാണ്. ഭക്ഷണപ്പുരയില്‍ വിളമ്പാനും, ക്ലീനിങിനും, മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ടായിരത്തിലേറെ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. ഓരോ ദിവസവും 500 വളണ്ടിയര്‍മാര്‍ ഭക്ഷണപ്പുര നിയന്ത്രിക്കും. അധ്യാപകര്‍, എന്‍.എസ്.എസ്, ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍.സി.സി റെഡ്ക്രോസ് തുടങ്ങിയവര്‍ ഭക്ഷണപ്പുരയിലെ വളണ്ടിയര്‍മാരാകും. ഭക്ഷണപ്പുരയോട് ചേര്‍ന്ന് തന്നെ ഭക്ഷണക്കമ്മറ്റി ഓഫീസും പ്രവര്‍ത്തിക്കും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ 23ന് ഭക്ഷണപന്തല്‍ സന്ദര്‍ശിക്കും.
