
കാസര്‍കോട്: നാടക ഭ്രാന്തുമായി കാസര്‍കോടിന് വണ്ടി കയറിയ വിവിധ ജില്ലകളില്‍ നിന്നുള്ള സിനിമാ- നാടക പ്രവര്‍ത്തകരുടെ സംഗമവേദിയായിരിക്കുകയാണ് വിദ്വാന്‍ പി. കേളു നായര്‍ വേദി. രാവിലെ 6.15ന് കാഞ്ഞങ്ങാട് വണ്ടിയിറങ്ങി വെള്ളിക്കോത്തെ മണ്ണില്‍ ഒത്തുചേര്‍ന്നവര്‍. നാടക മത്സരം തുടരുന്ന 3 ദിവസത്തേക്ക് നഗരത്തില്‍ മുറിയെടുത്തിരിക്കുകയാണിവര്‍.

തിരുവനന്തപുരം കൊല്ലം, തൃശൂര്‍, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരാണ് ഈ കലാ ആസ്വാദകര്‍ ‘. ഓരോ കലോത്സവത്തിനും ‘ഇവര്‍ വേദികള്‍ തേടി ഇറങ്ങും. പുത്തന്‍ താരോദയങ്ങള്‍ കാണാന്‍ . ഷോര്‍ട്ട് ഫിലിമുകിലേക്കോ സിനിമകളിലേക്കോ അഭിനേതാക്കളെ തെരഞ്ഞെടുക്കാന്‍ വരുന്നവര്‍. അങ്ങനെയങ്ങനെ . വെള്ളിക്കോത്ത് പി. സ്മാരക വിദ്യാലയാങ്കണം നാട്യ വൈഭവം കൊണ്ടും ആസ്വാദകരുടെ നെടുവീര്‍പ്പുകളും ‘കൈയ്യടികള്‍ കൊണ്ടും ഉണര്‍ന്നു കഴിഞ്ഞു.
വെള്ളിക്കോത്ത് നാടക മത്സരം കൊടുമ്പിരി കൊള്ളുമ്പോള്‍ വിദ്വാന്‍ പി.കേളു നായരുടെ നാടകശാലയില്‍ അദ്ദേഹത്തിന്‍റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. കേവലം 29 വര്‍ഷം മാത്രം ജീവിച്ച്, നാടകശാലയില്‍ തന്നെ ആത്മഹത്യ ചെയ്ത കേളു നായരോടുള്ള ആദര സൂചകമായി സ്‌കൂള്‍ അധികൃതര്‍ പൊന്നുപോലെ സൂക്ഷിക്കുകയായിരുന്നു.കലാശാലയുടെ അകത്തളങ്ങള്‍ നിറയെ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. രംഗ സജ്ജീകരണങ്ങള്‍, കേളു നായര്‍ മരിച്ചു കിടന്ന രംഗങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് കലാശാല.
