കലോത്സവം: ഒപ്പനയിലെ കണ്ണീര്‍പ്പൂവായി സുപ്രിയ കാണികളുടെ മനം കവര്‍ന്നു.

  • Post category:news
  • Reading time:1 min read
You are currently viewing കലോത്സവം: ഒപ്പനയിലെ കണ്ണീര്‍പ്പൂവായി സുപ്രിയ കാണികളുടെ മനം കവര്‍ന്നു.

കണ്ണൂര്‍: ഒരു തലമുറ അവരുടെ സര്‍ഗ്ഗ വൈഭവം തിടമ്പേറ്റുന്ന ഏഴു നാളത്തെ ഹൃദയോത്സവമാണ് സ്‌കൂള്‍ കലോത്സവം. സപ്ത സ്വരങ്ങളും സപ്ത വര്‍ണ്ണങ്ങളും നവരസങ്ങളും പീലി വിടര്‍ത്തുന്ന കലയുടെ കളിയാട്ട മഹോത്സവം. പൊട്ടിവിടരുന്ന കിനാവുകളും പൊട്ടിത്തകര്‍ന്ന കനവുകളുമായി കലയുടെ നെറുകയിലേക്ക് നടന്നുകയറുന്നവരുടെ ചിരിക്കും കരച്ചിലിനും സാക്ഷ്യം വഹിക്കുന്ന കലോത്സവ വേദി. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലയുടെ കലോത്സവം അനുഭൂതി സാന്ദ്രമായ രണ്ടു രാപ്പകലുകള്‍ പിന്നിടുമ്പോള്‍ ഒപ്പന മത്സരത്തിന്റെ കാണികളുടെ ഹൃദയത്തിലേക്ക് കണ്ണീര്‍മഴ പെയ്യിച്ചത് സുപ്രിയ സുഭാഷ് ആയിരുന്നു.

ആലപ്പുഴ ജില്ലയുടെ ഒപ്പന സംഘത്തിലെ കലാകാരിയാണ് ഈ പ്ലസ് വണ്‍കാരി. അച്ഛന്റെ അപ്രതീക്ഷിതമായ വിയോഗത്തിലെ ദുഃഖത്തില്‍ നനഞ്ഞുകുതിര്‍ന്നാണ് സുപ്രിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിനൊപ്പം വേദിയില്‍ കയറിയത്. മികച്ച പ്രകടനം കാഴ്ച്ചവെച്ച് വേദിയില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ അടക്കിവെച്ചിരുന്ന ദുഃഖം സുപ്രിയയുടെ ഹൃദയത്തില്‍ നിന്ന് ചിതറിവീണു. ആ രംഗം പ്രേക്ഷകരുടെ കണ്ണുനിറയിച്ചു. കൂലി തൊഴിലാളിയായ അച്ഛന്‍ ചുമട്ടുജോലിക്കിടെ പൊടുന്നനെ ഈ ലോകത്തുനിന്ന് പോയ്മറഞ്ഞ തീരാ വേദന കടിച്ചമര്‍ത്തി കൊണ്ടാണ് സുപ്രിയ കലോത്സവ വേദിയില്‍ എത്തിയത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സുപ്രിയ സുഭാഷ്.

0Shares