കാസര്‍കോട്: സംസ്ഥാനത്തെ കലാലയങ്ങളിലേക്ക് കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ വിദ്യാര്‍ഥി നേതാക്കന്മാരും.
രണ്ട് കിലോ കഞ്ചാവുമായി കാസര്‍കോട് ഗവ. കോളേജിലെ എസ്.എഫ്.ഐ നേതാവ് അടക്കം രണ്ടുപേരെ ടൗണ്‍ എസ്.ഐ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് പിടികൂടി. ഗവ. കോളേജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി കണ്ണൂര്‍ ആറളം സ്വദേശിയും മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാര്‍ത്ഥിയും കണ്ണൂര്‍ കരിക്കോട്ടക്കണി സ്വദേശിയായ വിദ്യാര്‍ഥിയുമാണ് പിടിയിലായത്. ഇവരെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് കടത്താന്‍ ഇവര്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട്ട് നിന്നും മംഗളൂരുവിലെ കോളേജിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും പോലിസിന്റെ വലയില്‍ കുടുങ്ങിയത്. പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കറന്തക്കാട് ദേശീയ പാതയില്‍ വാഹന പരിശോധന തുടങ്ങിയത്. ഇതിനിടേ ബൈക്കിലെത്തിയ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കടത്ത് വിവരമറിയുന്നത്.
കുമ്പള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് തലവന്‍ മുന്നയുടെ ഏജന്റാണ് പിടിയിലായ വിദ്യാര്‍ഥി നേതാവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോളജിലെ ഗുണ്ട കൂടിയാണ് ഈ വിദ്യാര്‍ഥി. കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന യുവാവിനെതിരേ നിലവില്‍ മൂന്ന് അടിപിടിക്കേസുണ്ട്. കാസര്‍കോട് നിന്നും മംഗളൂരുവിലേക്കും കേരളത്തിലെ വിവിധ കലാലയങ്ങളിലേക്കും കഞ്ചാവെത്തിച്ചുകൊടുക്കുന്ന കണ്ണികളെയാണ് പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. ആന്ധ്രയില്‍ നിന്നാണ് കാസര്‍കോട്ടേക്ക് പ്രധാനമായും കഞ്ചാവെത്തുന്നത്. ഇവിടെ നിന്നാണ് മൊത്തമായും ചില്ലറയായും പൊതിരൂപത്തിലാക്കി വില്‍പനയ്ക്ക് അയക്കുന്നത്. ഇവരുടെ കൈവശം കൂടുതല്‍ കഞ്ചാവുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
കലാലയങ്ങളിലേക്ക് കഞ്ചാവ് കടത്തുന്നത് കുട്ടിനേതാക്കള്‍ തന്നെ; കാസര്‍കോട് ഗവ. കോളേജിലെ വിദ്യാര്‍ഥിയില്‍നിന്ന് പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്