തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മണിയുടെ സഹായികളായ ആറുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയതിന്റെ ഫലം പുറത്തുവന്നു. മണിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അന്വേഷണത്തില്‍ വ്യക്തത വരുത്താന്‍ സഹായികളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി പോലീസിന് അനുമതി നല്‍കിയിരുന്നു. ഒക്ടോബർ 21 മുതൽ 29 വരെ തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് നുണപരിശോധനാ നടന്നത്.

കലാഭവന്‍ മണി മരിക്കുന്നതിന്‍റെ തലേന്ന് മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒൗട്ട് ഹൗസ് ആയ പാഡിയില്‍ ഉണ്ടായിരുന്ന മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സുഹൃത്തുക്കളും സഹായികളുമായ അനീഷ്, വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അടക്കമുള്ള ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.