കലാപത്തിന് ആഹ്വാനം: രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing കലാപത്തിന് ആഹ്വാനം: രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ കേസ്

കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയ രാഹുല്‍ ഈശ്വറിനെതിരേ വീണ്ടും കേസ്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനമുണ്ടായാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ തയാറായി 20 പേര്‍ തയാറായിരുന്നുവെന്ന പരാമര്‍ശത്തിലാണ് കേസ്. എറണാകുളം പ്രസ് ക്ലബില്‍ നടത്വിതിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രത്തില്‍ ചോരവീഴ്ത്തി അശുദ്ധമാക്കാന്‍ സന്നദ്ധമായി 20 വിശ്വാസികള്‍ സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നും ചോരയോ മൂത്രമോ വീണാല്‍ ക്ഷേത്രം മൂന്നു ദിവസം അടച്ചിടേണ്ടിവരുമെന്നുമാണു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. സെന്‍ട്രല്‍ സി ഐ അനന്തലാലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ശബരിമലയില്‍ യുവതികളെ തടയുകയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനു കഴിഞ്ഞ 17ന് പത്തനംതിട്ട പൊലീസ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ 22നാണ് റാന്നി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

0Shares