
കാസർകോട് : തെക്കിൽ വില്ലേജിൽപെട്ട ബണ്ടിച്ചാലില്‍ സ്വകാര്യവ്യക്തി കയ്യേറിയ പത്തുസെന്റ് ഭൂമി കയ്യേറ്റക്കാരില്‍ നിന്നും റവന്യൂ അധികൃതര്‍ പൂർണമായും ഒഴിപ്പിച്ചില്ലന്ന് ആരോപിച്ച് ഡി.വൈ.ഫ്.ഐ രംഗത്ത്. താലൂക് ഓഫീസിൽ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തു. കയ്യേറ്റക്കാരിൽ നിന്നും ഭൂമി ഒഴിപ്പിച്ച് കമ്പിവേലികെട്ടി സംരക്ഷിക്കണമെന്നാണ് കലക്ടറുടെ ഉത്തരവ്. എന്നാൽ ഇത് ചെയ്യാതെ റവന്യൂ അധികൃതര്‍ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിൽ ഗേറ്റിന് താഴിട്ട് ചെങ്കല്ല് വെക്കുകയും കയ്യേറ്റ ഭൂമിയാണെന്ന സ്റ്റിക്കർ പതിക്കുകയുമായിരുന്നു. ഇത് കൊണ്ട് കയ്യേറ്റ ഭൂമി ഒഴിപ്പിക്കപ്പെട്ടില്ലെന്നാണ് ഡി.വൈ.എഫ്.ഐ പറയുന്നത്.
നിലവിൽ ഈ ഭൂമി കയ്യേറ്റക്കാരുടെ സ്വാധീനത്തില്‍ ആണ്. അത് കൊണ്ട് തന്നെ കലക്ടറുടെ ഉത്തരവ് പൂർണമായും പാലിക്കണമെന്നും താലൂക് ഓഫീസിൽ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആവശ്യപ്പെട്ടു. ഭൂമി സംബന്ധിച്ച കാര്യങ്ങൾ ഉദ്ദ്യോഗസ്ഥരയുടെ താൽപര്യ പ്രകാരം കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലയിൽ നീങ്ങുന്നത് അംഗീകരിക്കില്ലെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. നിയമം നടപ്പിലാക്കേണ്ടവർ നിയമത്തെ വളച്ചൊടിക്കുന്നതായാണ് കാണുന്നത് ഇത് അംഗീകരിക്കാനാവില്ല. 88 ൽ സർക്കാർ അളന്ന് പട്ടയം നൽകിയ ഭൂമി ഇപ്പോൾ സർക്കാർ ഭൂമിയായത് എങ്ങനെയെന്നും അന്വേഷിക്കണം. രേഖകളിൽ മുൻ ഉദ്യോഗസ്ഥർ കാണിച്ച തിരിമറി കണ്ടെത്തി പരിഹരിക്കുന്നതിന് പകരം ഇപ്പഴത്തെ ഉദ്യോഗസ്ഥർ അതിനെ ന്യായീകരിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറയുകയുണ്ടായി. ആരോപണ വിധേയനായ വില്ലജ് ഓഫീസർക്ക് എതിരെ നടപടിയെടുക്കാൻ മേലുദ്യോഗസ്ഥർ ഭയാകുന്നതെന്തിനാണെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചോദിക്കുന്നു.
സര്‍വ്വേ നമ്പര്‍ 142/ 1ല്‍ പെട്ട ഒരേക്കര്‍ സ്ഥലം എല്‍.എ 57/ 88 തെക്കില്‍ പ്രകാരം ബണ്ടിച്ചാല്‍ സ്വദേശി ഇസ്മായീലിന്റെ ഉമ്മയായ യു.ബി ആയിഷയ്ക്ക് 1988 ൽ സര്‍ക്കാര്‍ പട്ടയം നല്‍കിയതാണ്. ഈ ഭൂമിയില്‍ നിന്നും അവര്‍ തന്‍റെ അഞ്ച് മക്കള്‍ക്ക് ഭൂമി വീതിച്ചു നല്‍കി. ഇതില്‍ ഇളയ മകനായ ഇസ്മായീലിന് 26 സെന്റ് ആണ് നല്‍കിയത്. ഇയാള്‍ പന്ത്രണ്ട് വര്‍ഷക്കാലം വിദേശത്ത് ജോലിയുമായി കുടുംബ സമേതം താസിക്കുകയായിരുന്നു. തന്‍റെ ഭൂമിക്ക് വില്ലേജില്‍ കരം അടയ്ക്കുകയും ചെയ്തുപോന്നു. നിലവില്‍ ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സമർപ്പിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനായി വില്ലേജിൽ ഇസ്മായീൽ സമീപിച്ചിരുന്നു. അപ്പോൾ ലഭിച്ച മറുപടി 26 സെന്റ് ഭൂമിയിലെ 10 സെന്റ് സ്ഥലം നിലവില്‍ ഇസ്മായീലിന്റെ കൈവശം അല്ല എന്നായിരുന്നു. പ്രസ്തുത ഭൂമിയില്‍ അയല്‍ വാസികള്‍ ഗേറ്റ് സ്ഥാപിക്കുകയും ഇന്റര്‍ ലോക്ക് പാകുകയും ചെയ്തിരുന്നു. ഈ ഭൂമിയിലെ കയ്യേറ്റമാണ് ഇപ്പോള്‍ വിവാദമായതും കലക്റ്റർ നടപടി കൈക്കൊണ്ടതും.
