കലക്ടറുടെ ഉത്തരവിനും വിലയില്ല; സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം സമ്മാനിച്ച് റാണിപുരത്ത് വീണ്ടും അനധികൃത വാഹന പാര്‍ക്കിങ് ഗ്രൗണ്ട്; ടൂറിസത്തിന്റെ മറവില്‍ വ്യാപക ഭൂമി കൈയേറ്റമെന്നും ആരോപണം

  • Post category:news
  • Reading time:2 mins read
You are currently viewing കലക്ടറുടെ ഉത്തരവിനും വിലയില്ല; സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം സമ്മാനിച്ച് റാണിപുരത്ത് വീണ്ടും അനധികൃത വാഹന പാര്‍ക്കിങ് ഗ്രൗണ്ട്; ടൂറിസത്തിന്റെ മറവില്‍ വ്യാപക ഭൂമി കൈയേറ്റമെന്നും ആരോപണം


ChannelRB Special Report
കാസര്‍കോട്: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് കലക്ടറുടെ ഉത്തരവ് പാടെ അവഗണിച്ച് സ്വകാര്യവ്യക്തി വാഹനപാര്‍ക്കിങ് ഗ്രൗണ്ട് വീണ്ടും സജീവമായി. ഇത് കാരണം ലക്ഷക്കണക്കിന് വരുമാനമാണ് സര്‍ക്കാരിന് നഷ്ടമാകുന്നത്. വാഹനപാര്‍ക്കിങ് നടത്തുന്നതിന് വനം വകുപ്പും കൂട്ടുനില്‍ക്കുന്നതായി ആരോപണമുണ്ട്. വലിയ വാഹനത്തിന് നാല്‍പതുരൂപയും ഇരുചക്രവാഹനത്തിന് 10 രൂപയുമാണ് ഫീസ്. എന്നാല്‍ ബില്ല് നല്‍കില്ല. അത് അച്ചടിച്ച് വരുന്നതേയുള്ളൂവെന്നാണ് ഉടമയുടെ വിശദീകരണം. സ്വകാര്യ വ്യക്തിയുടെ വാഹന പാര്‍ക്കിങ് സംബന്ധിച്ച് പരാതിയുടെ അടിസ്ഥാനത്തില്‍ അത് നിര്‍ത്തിവക്കാന്‍ ജില്ലാകലക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ അത് വീണ്ടും തുടങ്ങുകയായിരുന്നു.

ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് റാണിപുരത്ത് എത്തുന്നത്. ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ മലയിലില്ല. ഇത് മുതലെടുത്താണ് ഹോട്ടലുടമയായ സ്വകാര്യ വ്യക്തി പാര്‍ക്കിങ് ഗ്രൗണ്ട് പണിതിരിക്കുന്നത്. ഇതിന് പഞ്ചായത്തില്‍ നിന്നോ, ആര്‍.ടി.ഒയില്‍ നിന്നോ അനുമതി നേടിയിട്ടില്ല.
അതേസമയം റാണിപുത്ത് മൂന്നാര്‍ മോഡല്‍ ഭൂമി കൈയേറ്റമെന്നാരോപണവും സജീവമാണ്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലത്തില്‍പെട്ട റാണിപുരത്താണ് സ്വകാര്യ വ്യക്തികള്‍ ഭൂമി കയ്യേറുന്നത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ പാര്‍ശ്വനിരകളുടെ ഭാഗമായ റാണിപുരം പ്രദേശത്ത് അനധികൃത കൈയേറ്റങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഖനനങ്ങളും വര്‍ധിച്ചുവരുന്നതായി റാണിപുരം പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള റാണിപുരം മലനിരകള്‍ കാസര്‍കോടിന്റെ കാലാവസ്ഥ, ഭൂഗര്‍ഭജലനിരപ്പ് എന്നിവയില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. 3200 മീറ്റര്‍ ഉയരത്തിലുള്ള ഈ പ്രദേശത്തെ ചെങ്കുത്തായ മലനിരകള്‍ നിത്യേന ഇടിച്ചുകൊണ്ടിരിക്കുകയാണ്. റാണിപുരം വനത്തോട് ചേര്‍ന്ന് സഞ്ചാരികള്‍ പ്രവേശിക്കുന്ന വഴിയുടെ തൊട്ടടുത്തായാണ് വന്‍തോതില്‍ കുന്നിടിച്ച് നിരത്തുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ റാണിപുരത്ത് നിര്‍മിച്ച ക്വാട്ടേജുകളുടെ സമീപത്താണ് ഇപ്പോള്‍ എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് കുന്നിടിക്കുന്നത്. കുന്നിടിച്ച് വാഹന പാര്‍ക്കിങിന് ഗ്രൗണ്ട് സംവിധാനം ഒരുക്കുകയാണ് സ്വകാര്യ വ്യക്തികളെന്നും സമിതി ആരോപിച്ചു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ കലക്്ടറുടെ നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ കഴിഞ്ഞ മാര്‍ച്ച് ഏഴിന് സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കി തുടര്‍ നടപടി സ്വീകരിക്കുന്നതിന് പനത്തടി പഞ്ചായത്ത്, ജിയോളജി വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥലത്തെ അനധികൃത പാര്‍ക്കിങ് ഗ്രൗണ്ട് അടക്കമുള്ള നിയമലംഘനങ്ങള്‍ തഹസില്‍ദാറുടെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയെങ്കിലും വനം, റവന്യൂ വകുപ്പുകള്‍ സംഭവത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. റാണിപുരം ഇക്കോടൂറിസം കേന്ദ്രം കൈയേറാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇതിനെതിരെ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. രണ്ട് സ്വകാര്യ വ്യക്തികളാണ് ഉന്നതങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി ടൂറിസം കേന്ദ്രം കൈയേറുന്നത്.

0Shares