ചെമ്മനാട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ യു.പി വിഭാഗം മലയാളം നാടകമല്‍സരത്തില്‍ ഒന്നാമത് കാനത്തൂര്‍ ജി.യു.പി സ്‌കൂള്‍ തന്നെ. കറിവേപ്പില എന്ന നാടകവുമായാണ് ഇക്കുറി സ്‌കൂള്‍ രണ്ടാമതും വിജയത്തിലെത്തുന്നത്.
വിവാഹ ശേഷം വീട്ടില്‍ നവവധു എത്തുന്നതോടെ കറിവേപ്പിലപോലെ മാതാവിനെ അകറ്റി നിര്‍ത്തുന്ന ഇന്നത്തെ സാഹചര്യമാണ് നാടകം പറയുന്നത്. ഭാര്യമാരോടുള്ള അമിത സ്‌നേഹം കാരണം പോറ്റി വളര്‍ത്തിയ മാതാവിനെ തള്ളിപ്പറയേണ്ട അവസ്ഥയിലെത്തിച്ചിരിക്കുന്ന ഇന്നത്തെ ചില യുവാക്കളുടെ കഥയാണ് ഇതിവൃത്തം.
സ്‌കൂളിലെ പത്തു വിദ്യാര്‍ഥികളാണ് മികച്ച അഭിനയം കാഴ്ച വച്ചത്. നാടകത്തില്‍ ജോണി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മിഥുനാണ് യു.പി വിഭാഗത്തിലെ മികച്ച നടന്‍. സ്‌കൂളിലെ ഗീതുവും സംഘവും അവതരിപ്പിച്ച നാടകത്തിന്റെ രചയിതാവ് ശിവദാസാണ്.
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നാടകത്തില്‍ ഒന്നാമതെത്തുന്ന സ്‌കൂളിലെ നാടകങ്ങള്‍ സംവിധാനം ചെയ്തത് രതീഷ് കാടകമാണ്. കഴിഞ്ഞവര്‍ഷം കാന്താരി പൊന്ന് എന്ന നാടകമാണ് ജില്ലയില്‍ ഒന്നാമതെത്തിയത്.
