
കാസർകോട്: രാജ്യത്തെ എഴുപത് ശതമാനത്തോളം ജനങ്ങള്‍ കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് ജീവിതം മുന്നോട്ട് നയിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകനെ അവഗണിക്കുന്ന ഒരു സംവിധാനവും ഇന്ത്യയില്‍ നിലനില്‍ക്കില്ലെന്നും പ്രതിസന്ധിയില്‍ കഴിയുന്ന കര്‍ഷക സമൂഹത്തെ അതിജീവനത്തിന് പ്രാപ്തമാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആത്മ കാസര്‍കോട്, ഐ.സി.എ.ആര്-സി.പി.സി.ആര്.ഐ, കെ.വി.കെ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സി.പി.സി.ആര്.ഐ യില്‍ ആരംഭിച്ച പുനര്‍നവ കാര്‍ഷിക മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുമായി ബന്ധം സ്ഥാപിച്ച് കാര്‍ഷിക ഗവേഷണ പ്രവര്‍ത്തനങ്ങളെ ജനകീയമാക്കി സമൂഹത്തില്‍ പ്രചരിപ്പിക്കാനുള്ള സി.പി.സി.ആര്.ഐ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വുണ്ടാക്കാന്‍ ഈ മേള ഊര്‍ജം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയുടെ സവിശേഷമായ ക്രമീകരണ പ്രകാരം ഏതു പൊതുസ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ അവകാശികള്‍ ജനങ്ങളാണ്. രാജ്യത്തിൻ്റെ ഉന്നത ഗവേഷണ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകൻ്റെ പ്രശ്നം മനുഷ്യസമൂഹത്തിൻ്റെ നിലനില്പിൻ്റെ കൂടി പ്രശ്നമാണെന്നതിനാല് പ്രായോഗിക പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കൃഷി ശാസ്ത്രജ്ഞന്മാരും വിദഗ്ധരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാ പ്രളയം കേരളിയ സമൂഹത്തിന് ഒരുപാട് പാഠങ്ങളാണ് പഠിപ്പിച്ചു തന്നത്. പ്രളയ ദുരന്തത്തില്‍ തകര്‍ന്നതിനെ പുനസൃഷ്ടിക്കുന്നതിന് പകരം പാഠങ്ങളുള്‍ക്കൊണ്ട് നവകേരള നിര്‍മ്മിതിക്ക് വേണ്ടിയാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇനി വരുന്ന തലമുറക്കും ഇവിടെ ജീവിക്കണമെന്ന ഉയര്‍ന്ന സാമൂഹിക ബോധത്തോടു കൂടി ഉന്നതമായ സാമൂഹിക ക്രമം സൃഷ്ടിക്കാന്‍ ഞാന്‍ എന്ന ചിന്തയില്‍ നിന്നും നമ്മള് എന്ന ചിന്തയിലേക്ക് മാറേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
