കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രി പിണറായിയും ചടങ്ങില്‍ സംബന്ധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രി പിണറായിയും ചടങ്ങില്‍ സംബന്ധിച്ചു

ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുബായ് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി പദത്തില്‍ കുമാരസ്വാമിക്ക് ഇത് രണ്ടാംഊഴമാണ്. ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങ് ബിജെപി വിരുദ്ധകൂട്ടായ്മയായി മാറി. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, മാത്യു ടി തോമസ്, മായാവതി, അഖിലേഷ് യാദവ്, മമത ബാനര്‍ജി, സീതാറാം യെച്ചൂരി, ചന്ദ്രബാബു നായിഡു എന്നിവര്‍ വിധാന്‍ സൗധയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. വി.ഐ.പി.കള്‍ക്കും നേതാക്കള്‍ക്കുമായി 75,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയത്. പത്തുമിനിറ്റിനുള്ളില്‍ ചടങ്ങുകള്‍ അവസാനിച്ചു. ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ബി.ജെ.പി. അംഗങ്ങള്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാംതവണയും പ്രമുഖ പാര്‍ട്ടികള്‍ക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നതാണ് കുമാരസ്വാമിക്കും ജെഡിഎസ്സിനും ഗുണമായത്. 1996 ല്‍ ദേവഗൗഡയെ അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം തേടി എത്തിയത് പോലെയാണ് മകന്‍ എച്ച്.ഡി. കുമാരസ്വാമി വീണ്ടും മുഖ്യമന്ത്രിയാകുന്നത്. കര്‍ണ്ണാടകത്തിലെ ജനവിധിയിലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ജെ.ഡി.എസ്സിനേയും കുമാരസ്വാമിയേയും തുണച്ചു. 2004 ല്‍ എം.എ.എ ആയതോടെ കുമാരസ്വാമിയുടെ രാശി തെളിഞ്ഞു. കന്നഡികര്‍ക്ക് മണ്ണിന്റെ മകനും കുമാരണ്ണയുമായി. 2004 ല്‍ കോണ്‍ഗ്രസും ജെഡിഎസ്സും കൈകോര്‍ത്ത് കര്‍ണ്ണാടകത്തിലെ ആദ്യ മുന്നണി സംവിധാനം അധികാരത്തിലേറിയപ്പോള്‍, പിന്നില്‍ കരുക്കള്‍ നീക്കി കുമാരസ്വാമി ഉണ്ടായിരുന്നു. ഖനി കമ്പനികളില്‍ നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയെന്ന കേസും ഭൂമി തട്ടിപ്പ് വിവാദവും തിരിച്ചടിയായി. രാഷ്ട്രീയ ജീവിതം പോലെ സംഭവബഹുലമാണ് കുമാരസ്വാമിയുടെ വ്യക്തിജീവിതവും. ആദ്യ ഭാര്യ അനിതയുമായുള്ള വിവാഹം നിലനില്‍ക്കെ കന്നഡയിലെ സൂപ്പര്‍നായിക രാധികയെ രഹസ്യവിവാഹം ചെയ്തതും വിവാദമായിരുന്നു.

0Shares