മംഗളൂരു: സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാനുള്ള സര്‍ക്കാറിന്റെ പുതിയ ഉത്തരവില്‍ പ്രതിഷേധിച്ച്് വെള്ളിയാഴ്ച കര്‍ണാടകയിലെ ആശുപത്രികള്‍ പണിമുടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നേതൃത്വത്തിലാണ് പണിമുടക്ക്. ഇതിന് പിന്തുണ പ്രഖ്യാപിച്ച് മംഗളൂരു നഴസിങ് ഹോംസ് ആന്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷനും പണിമുടക്കില്‍ പങ്കെടുക്കും. നവംബര്‍ മൂന്നിനു നടക്കുന്ന സമരത്തില്‍ കര്‍ണാടകയിലെ എല്ലാസ്വകാര്യ ആശുപത്രികളും വൈകീട്ട് ആറുവരെ മാത്രം അടച്ചിടും. അത്യാഹിതവിഭാഗവും ട്രോമാ കേസുകളും മാത്രമേ പരിഗണിക്കുകയുള്ളൂ.കര്‍ണാടകയില്‍ 80 ശതമാനത്തിലധികവും രോഗികള്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന സേവനം പരാജയപ്പട്ടതിനാലാണ് രോഗികള്‍ സ്വാകാര്യമേഖലയെ തേടുന്നത്. അതിനാല്‍ സര്‍ക്കാര്‍ പുതിയ തീരുമാനം പിന്‍വലിക്കണം.സമരത്തില്‍ പൊതുജനങ്ങളും പങ്കാളികളാകണമെന്നും കേരളത്തിലെ രോഗികള്‍ ഈ കാരണത്തില്‍ കേരളത്തില്‍ വച്ച തന്നെ ചികില്‍സ തേടി വെള്ളിയാഴ്ച നടക്കുന്ന സമരവുമായി സഹകരിക്കണമെന്നും മംഗളൂരു നഴസിങ് ഹോംസ് ആന്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.യൂസഫ് കുമ്പള വാര്‍ത്താകുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. സ്വകാര്യ ആശുപത്രികള്‍ അധികനിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായുള്ള കര്‍ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഭേദഗതിബില്‍ ആരോഗ്യമന്ത്രി രമേശ് കുമാര്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും കടുത്ത സമ്മര്‍ദത്തെ അതിജീവിച്ചാണ് സര്‍ക്കാര്‍ നടപടി.
സ്വകാര്യ ആശുപത്രികളെ തരംതിരിച്ചായിരിക്കും ചികിത്സാനിരക്ക് നിശ്ചയിക്കുക. ഇതിനായി മെഡിക്കല്‍രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതിയുണ്ടാക്കാനും തീരുമാനമായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നത്. അംഗീകൃത ചികിത്സാനിരക്കിനേക്കാള്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ ഈടാക്കിയാല്‍ 25,000 മുതല്‍ അഞ്ചുലക്ഷം രൂപവരെ പിഴയും ആറുമാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവും ലഭിക്കും. രോഗികളില്‍നിന്ന് ചികിത്സയ്ക്കായി മുന്‍കൂറായി പണം സ്വീകരിക്കാനും പാടില്ല. മെഡിക്കല്‍പരിശോധന,തീവ്രപരിചരണവിഭാഗം, ഓപ്പറേഷന്‍ തിയേറ്റര്‍, വെന്റിലേഷന്‍, ബെഡ് ചാര്‍ജ്, ഡോക്ടറുടെ സന്ദര്‍ശനഫീസ് തുടങ്ങി എല്ലാ ആശുപത്രി നടപടികളുടെയും ഫീസും സര്‍ക്കാര്‍ നിശ്ചയിക്കും. ഇതില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല. രോഗികള്‍ക്ക് ചികിത്സാച്ചെലവിന്റെ എസ്റ്റിമേറ്റ് നേരത്തേ നല്‍കണം.അവസാനത്തെ ബില്‍ എസ്റ്റിമേറ്റിനേക്കാള്‍ കൂടാനും പാടില്ല. രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം എന്നീ വ്യവസ്ഥകളും നിയമത്തിലുണ്ട്. രോഗികള്‍ ഡോക്ടര്‍മാരോടും ജീവനക്കാരോടും മാന്യമായി പെരുമാറണമെന്നും നിര്‍ദ്ദേശമുണ്ട്. ആശുപത്രികള്‍ക്കെതിരെയുള്ള പരാതികള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ പരാതിപരിഹാര സെല്‍ പ്രവര്‍ത്തിക്കും. ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ അധ്യക്ഷതയിലായിരിക്കും പരാതിപരിഹാരസെല്‍ പ്രവര്‍ത്തിക്കുന്നത്.