കര്‍ക്കിടകമാസത്തിലെ ആധികളകറ്റാന്‍ കുട്ടിത്തെയ്യങ്ങളെത്തി

  • Post category:news
  • Reading time:2 mins read
You are currently viewing കര്‍ക്കിടകമാസത്തിലെ ആധികളകറ്റാന്‍ കുട്ടിത്തെയ്യങ്ങളെത്തി

കാസര്‍കോട്: കര്‍ക്കിടക മാസത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ കാസര്‍കോട്ടെ ഗ്രാമാന്തരങ്ങളില്‍ കുട്ടിത്തെയ്യങ്ങളുടെ സഞ്ചാരം തുടങ്ങി. ഗ്രാമങ്ങളിലെ ഇടവഴികളില്‍ ചിലങ്കകള്‍ കിലുക്കി നടന്നകലുന്ന ഈ തെയ്യക്കാഴ്ചകള്‍ ഗ്രാമനന്മകളും പഴയകാല ഓര്‍മകളും വിളിച്ചോതുന്നു. സാധാരണ തെയ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളാണ് ഈ തെയ്യങ്ങള്‍ കെട്ടുന്നത്. കര്‍ക്കിടകം പിറന്നാല്‍ പിന്നെ ഒരു മാസക്കാലം വടക്കന്‍ കാസര്‍കോട്ടെ വീടുകളില്‍
ആടി വേടന്‍, മറുത, ഗളിഞ്ചന്‍ എന്നിങ്ങനെ മൂന്ന് തരം തെയ്യങ്ങള്‍ വിരുന്നായെത്തും. ശിവന്‍, പാര്‍വതീ, അര്‍ജുനന്‍ എന്നീ പുരാണ കഥാപാത്രങ്ങളെ അനുസ്മരിച്ചാണ് തെയ്യങ്ങള്‍ അരങ്ങിലെത്തുന്നത്. ഗളിഞ്ചനെ അര്‍ജുനന്റെ പ്രതിരൂപമായാണ് കല്‍പിച്ചിരിക്കുന്നത്. നല്‍കദായ സമുദായത്തില്‍ പെട്ടവര്‍ കെട്ടിയാടുന്ന ഗളിഞ്ചന്‍ എന്ന തുളുത്തെയ്യം കര്‍ക്കിടകം ഒന്നുമുതല്‍ തന്നെ യാത്രതുടങ്ങുന്നു. കര്‍ക്കിടകം 16 മുതല്‍ മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ആടിവേടനും വീടാന്തരം ചുറ്റിയിറങ്ങാനെത്തും. കുരുക്ഷേത്ര യുദ്ധത്തിന് പാശുപതാസ്ത്രത്തിനു വേണ്ടി അര്‍ജുനന്‍ ശിവനെ തപസ് ചെയ്യുന്നു. അര്‍ജുനനെ പരീക്ഷിക്കാനായി ശിവന്‍ വേടനായി വന്ന് തപസ് മുടക്കുകയും ദേഷ്യം വന്ന അര്‍ജുനന്‍ വേടനുമായി യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവമാണ് തെയ്യങ്ങളുടെ ഐതീഹ്യമായി പറയുന്നത്. പാര്‍വതി വേടത്തിയായി വന്ന് ശിവനെ സഹായിക്കുന്നു. യുദ്ധത്തില്‍ അര്‍ജുനന്‍ തോല്‍ക്കുകയും ചെയ്യുന്നു. ഗത്യന്തരമില്ലാതെ അര്‍ജുനന്‍ ശ്രീകൃഷ്ണനെ വിളിക്കുകയും വേടനായി വന്നത് പരമശിവന്‍ തന്നെയാണെന്ന് ശ്രീകൃഷ്ണന്‍ അര്‍ജുനനോട് വെളിപ്പെടുത്തുന്നു. അങ്ങനെ അര്‍ജുനന്റെ
അഹങ്കാരം ശമിക്കുകയും ശിവന്‍ പാശുപതാസ്ത്രം സമ്മാനിക്കുകയും ചെയ്യുന്നതുമാണ് പുരാണം.

ശരീരമാകെ ചായം പൂശി പിന്നെ കിരീടവും ആടയാഭരണങ്ങളും അണിയിച്ചാണ് തെയ്യമൊരുങ്ങുന്നത്. വീടുകളിലെത്തിയ തെയ്യം ഒറ്റച്ചെണ്ടയുടെ താളത്തില്‍ വട്ടമിട്ട് അരമണികിലുക്കി നൃത്തമാടുന്നു. തെയ്യം ആടിക്കഴിഞ്ഞാല്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീ തളികയില്‍ ഭസ്മം കലക്കിയ വെള്ളവും കത്തിച്ച തിരിയുമായി മുറ്റത്തെത്തും. തളികയും തിരിയും വടക്കോട്ട് മൂന്നു പ്രാവശ്യം ഉഴിഞ്ഞി മറിക്കും. ഇങ്ങനെ ചെയ്താല്‍ ഇതിനോടൊപ്പം കര്‍ക്കടക ദോഷങ്ങള്‍, അസുഖങ്ങള്‍, വ്യാധികള്‍ തുടങ്ങിയ ദുഷ്ടതകളെല്ലാം പോയിമറയും എന്നാണ് വിശ്വാസം. രാവിലെ തുടങ്ങുന്ന സഞ്ചാരം സന്ധ്യയോടെ അവസാനിക്കും. ഓരോ വീടുകളില്‍ നിന്നും പണവും മറ്റ് ഉല്‍പ്പന്നങ്ങളും തെയ്യങ്ങള്‍ക്ക് ലഭിക്കും. തെയ്യംതുള്ളല്‍ ഉപജീവന മാര്‍ഗമായ കുടുംബങ്ങള്‍ക്ക് ഈ സമയം ഇടവേളയാണ്. അതുകൊണ്ട് തന്നെ കുട്ടിതെയ്യങ്ങള്‍ക്ക് ലഭിക്കുന്ന പണവും മറ്റും ഈ കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗം കൂടിയാണ്.

0Shares