
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളിയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനു 38 ലക്ഷം രൂപ പിഴയിട്ടു. 2013 ലെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസാണ് പിഴ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അബു ലെയിസിനും സമാന തുക പിഴ വിധിച്ചിട്ടുണ്ട്. ജനജാഗ്രതാ യാത്ര കോഴിക്കോട് കൊടുവള്ളിയില്‍ എത്തിയപ്പോള്‍ സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്ത് വിവാദമായ മിനികൂപ്പറിന്റെ ഉടമയാണ് കാരാട്ട് ഫൈസല്‍.

ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിന്റെ കോഴിക്കോട് യൂണിറ്റാണ് 2013ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് എയര്‍ ഹോസ്റ്റസുമാരായ റാഹിലയുടെയും ഫിറമോസയുടെയും പക്കല്‍നിന്ന് ആറ് കിലോ സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിരിക്കാമെന്ന കാര്യം പുറത്തുവന്നത്. തുടര്‍ന്നാണ് കാരാട്ട് ഫൈസല്‍, അബു ലെയിസ്, നബീല്‍ തുടങ്ങിയവരിലേക്ക് അന്വേഷണം എത്തുന്നത്. പി. ടി എ റഹീം എം. എല്‍. എയുടെ പാര്‍ട്ടിയായ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിലെ അംഗം കൂടിയാണ് കാരാട്ട് ഫൈസല്‍.
