
പ്രൊഫ. പി.ജെ.ജെയിംസ്
(പരിഭാഷ: പി.എ.പ്രേം ബാബു )
മകാലു ബേസ് ക്യാമ്പിന്‍റെ സമീപ പർവ്വതനിരകളിലെ മഞ്ഞുപാളികളിൽ ഏപ്രിൽ 2 ന് ഇന്ത്യൻ കര സൈന്യത്തിന്റെ ‘യതി ‘ യുടെ കാൽപാടു കണ്ടെത്തൽ ഇതിഹാസ കല്പനകളെ മഹിമപ്പെടുത്തി പ്രകീർത്തന രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഗൂഢലക്ഷ്യങ്ങളാണ്. സായൻസികവും യുക്തിപരവുമായ വിജ്ഞാന വ്യാപനത്തെ തടയലും, ശാസ്ത്ര ഗവേഷണത്തിന്‍റെ ആഭാസ പ്രച്ഛന്നതയിൽ അശാസ്ത്രീയവും യുക്തി ഹീനവുമായ മിഥ്യാബോധത്തിന്‍റെ പ്രചാരണവും ഈ ‘കണ്ടുപിടുത്ത’ ത്തിലൂടെയുള്ള കാവി – മോഡി ഭരണ ഭീകരതയുടെ ലക്ഷ്യങ്ങളാണ്.
ഇതിഹാസങ്ങളിലും നാടോടിക്കഥകളിലും ഐതിഹാസിക സങ്കല്പ കഥാപാത്രങ്ങൾ വിവിധ സംസ്കാരങ്ങളുമായും ഗോത്ര നാടോടി ജീവിതങ്ങളുമായും ബന്ധപ്പെട്ട് മനുഷ്യന്റെ കാല്പനിക ഭാവനകളിൽ രൂപമെടുത്തിട്ടുണ്ട്. വടക്കെ അമേരിക്കൻ നാടോടിക്കഥകളിലും സമാനമായ മനുഷ്യക്കുരങ്ങ് സങ്കല്പ ജീവിയെ കുറിച്ച് കഥപറയുന്നുണ്ട്.

ശാസ്ത്രലോകം ഇന്ന് ഈ പ്രചാരണപ്പിത്തലാട്ടങ്ങളെല്ലാം അബദ്ധജഢിലമെന്ന് സമർത്ഥിച്ചു കഴിഞ്ഞതാണ്. നാനാതരത്തിലുള്ള ഇത്തരം കല്പിത, മിഥ്യാഭാവനപരമായ (chimerical) സങ്കല്പ പാത്രങ്ങൾ ചരിത്രത്തിന്റെ ചവറ്റു വണ്ടിയിലേക്ക് എറിഞ്ഞു കളയപ്പെട്ടവയുമാണ്. വടക്കേ അമേരിക്കൻ നാടോടിക്കഥയിലെ ഈ കല്പിത ജന്തുവും (Sasquatch/Bigfoot) സംഘപരിവാറിന്‍റെ ‘ യതി ‘ ക്ക് സമാനമാണ്.
2014 ലെ മോഡി ഭരണകൂടത്തിന്‍റെ സാമ്പത്തികവും സാംസ്കാരികവുമായ ആഭ്യന്തരാധിനിവേശം മുതൽ ഇതിഹാസ കഥകളെ ഉപജീവിച്ച് ശാസ്ത്ര മേഖലയെ മൊത്തത്തിൽ ഒരു മിന്നലാക്രമണത്തിന് (Surgical Srike) വിധേയമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയുടെ സുപ്രധാനമായ ശാസ്ത്ര സാങ്കേതിക ഗവേഷണ സർവ്വകലാശാലകളെല്ലാം കാവി സംഘങ്ങളുടെയും ഏറ്റവും തരംതാണ സംഘിപ്രത്യയശാസ്ത്രജ്ഞരുടെയും ഭൂതാവേശത്തിലാണ്.
പ്ലാസ്റ്റിക് സർജറി, കൃത്രിമ ഗർഭധാരണം, ജനറ്റിക് എൻജിനീയറിംഗ് എന്നീ അത്യാധുനിക സങ്കീർണ്ണ ശാസ്ത്ര മേഖലകൾ പോലും പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്നുവെന്ന ജളത ഒരു രാജ്യത്തെ പ്രധാനമന്ത്രി സ്വയം പ്രഖ്യാപിക്കുന്നത് രാജ്യത്തിനു തന്നെ അപമാനകരമാണ്. ഇന്ന് അദ്ധ്യയനത്തിനും ഗവേഷണങ്ങൾക്കുമൊപ്പം ധിഷണാ വിരുദ്ധതയും വിജ്ഞാന വിരോധക ചിന്താപദ്ധതികളും അയുക്തികവും ചരിത്രവിരുദ്ധവുമായ പ്രചാരവേലകളും സൈനിക മേഖലയിലേക്കും നുഴഞ്ഞു കയറിക്കഴിഞ്ഞുവെന്ന അപകടകരമായ പ്രവണതയാണ് നാം ഇതിൽ നിന്നും വായിച്ചെടുക്കേണ്ടത്. ഈ സൈന്യത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) ആണ് രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേശകവൃന്ദം.
അതുകൊണ്ട് ഇന്ത്യൻ സേനയുടെ ‘യതി ‘ യുടെ കാലടിപ്പാടുകളുടെ ‘കണ്ടു പിടുത്ത’ ത്തിൽ അത്ഭുതമേതുമില്ല. കാവി വലവീശലിന്‍റെ നിഗൂഢ കർമ്മങ്ങളുടെ ഉദാഹരണങ്ങളായി മാത്രം കണ്ടാൽ മതിയാകും. സായൻസിക യുക്തി വികാസത്തിന് പ്രതിബന്ധം സൃഷ്ടിച്ച് പശു വിസർജ്ജ്യങ്ങൾ പോലും സർവ്വ രോഗങ്ങൾക്കും എന്തിന്, അർബുദത്തിനും പ്രതിവിധിയാണെന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന സമൂഹ്യ ജീർണ്ണതയിൽ നിന്ന് മോഡി ഭരണകൂടത്തിലെ പട്ടാളവും മോചിതമല്ലെന്ന സന്ദേശമാണ് രാജ്യത്തിനകത്തും ലോകത്തിനുമുമ്പിലും വിളംബരം ചെയ്യപ്പെടുന്നത്.
