കന്നഡ പത്രം തുടങ്ങാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത് മഞ്ചേശ്വരം മണ്ഡലം കൈപ്പിടിയിലാക്കാനുള്ള മോഹം; പത്രം പൂട്ടിയതോടെ പാര്‍ട്ടിയുടെ സ്വപ്‌നവും പൊലിഞ്ഞു.

  • Post category:news
  • Reading time:2 mins read
You are currently viewing കന്നഡ പത്രം തുടങ്ങാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത് മഞ്ചേശ്വരം മണ്ഡലം കൈപ്പിടിയിലാക്കാനുള്ള മോഹം; പത്രം പൂട്ടിയതോടെ പാര്‍ട്ടിയുടെ സ്വപ്‌നവും പൊലിഞ്ഞു.

കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലെ കന്നഡ വിഭാഗക്കാരായ സി.പി.എംകാരെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം ആരംഭിച്ച ‘തുളുനാട് ടൈംസ്’ പത്രത്തിലൂടെ മഞ്ചേശ്വരം നിയമസഭാ മണ്ഡലം പിടിച്ചെടുക്കാനുള്ള ചുവട് വെയ്പ്പ് കൂടിയായിരുന്നു നടന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍മന്ത്രിയും പ്രമുഖ സി.പി.ഐ. നേതാവുമായിരുന്ന സുബ്ബറാവു ജയിച്ച മണ്ഡലമാണ് മഞ്ചേശ്വരം. പിന്നീട് ഇത് മുസ്ലീംലീഗിന്റെ കാല്‍ക്കീഴില്‍ അമര്‍ന്നു. മുസ്ലീം ലീഗിന്റെ കരുത്തനായ നേതാവും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയാണ് പില്‍ക്കാലത്ത് ഇവിടെ നിന്നും ജയിച്ച് കയറിയത്. ഒരുപാട് കാലത്തെ കാത്തിരിപ്പിനും കഠിനപ്രയത്‌നത്തിനും ശേഷം 2006 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചെര്‍ക്കള അബ്ദുള്ളയെ പരാജയപ്പെടുത്തി സി.പി.എമ്മിലെ അഡ്വ. സി.എച്ച്. കുഞ്ഞമ്പു മണ്ഡലത്തില്‍ വിജയക്കൊടി നാട്ടുകയുണ്ടായി. മുസ്ലീം ലീഗിനകത്തെ പടലപിണക്കമാണ് അന്ന് സി.പി.എമ്മിന് ഗുണകരമായി ഭവിച്ചത്. എന്നാല്‍ പിന്നീട് 2011-ലും 2016-ലും സി.പി.എമ്മിന് ഇവിടെ രണ്ടാം സ്ഥാനം പോലും നിലനിര്‍ത്താനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2006 ല്‍ തോല്‍വി രുചിച്ച യു.ഡി.എഫ് പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ പി.ബി. അബ്ദുള്‍ റസാഖിനെ ഇറക്കിയാണ് മണ്ഡലം തിരിച്ച് പിടിച്ചത്. ആ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത് എല്‍.ഡി.എഫിന് നേരിട്ട വലിയ തിരിച്ചടിയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയതാകട്ടെ ബി.ജെ.പിയും. ബി.ജെ.പിയുടെ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായി മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറ പണിയാന്‍ സാധിച്ചു.

ഇത് തിരിച്ചറിഞ്ഞ സി.പി.എം നേതൃത്വം കന്നഡ സ്വാധീനമുള്ള ഈ പ്രദേശത്തെ ജനങ്ങളെ സ്വാധീനിക്കാന്‍ കന്നഡ ഭാഷയിലുള്ള പത്രം അത്യന്താപേക്ഷിതമാണ് എന്ന ആശയം മുന്നോട്ട് വെക്കുകയും തുടര്‍ന്ന് പത്രം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഈ പത്രത്തിന് ഇവിടെ ഉദ്ദേശിച്ച ഫലം ഉളവാക്കാന്‍ സാധിച്ചില്ല. കന്നഡ പത്രം കന്നഡ പ്രദേശത്ത് സ്വാധീനം ഉണ്ടാക്കിയാല്‍ തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം ദൃഢമായി കരുതിയത്. മഞ്ചേശ്വരം താലൂക്കിലെ കന്നഡികരായ മുഴുവന്‍ വോട്ടര്‍മാരെയും കൈപ്പിടിയിലൊതുക്കാമെന്ന വ്യാമോഹവുമായി പ്രസിദ്ധികരണം ആരംഭിച്ച ‘തുളുനാട് ടൈംസി’ന് ഒടുവില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന പഴമൊഴി ഓര്‍മ്മിപ്പിക്കുന്ന അനുഭവമാണുണ്ടായത്. സി.പി.എംകാരായ വോട്ടര്‍മാരെ കൈയ്യിലെടുക്കാനും ഒപ്പം ഇതര അനുഭാവികളെ സ്വാധീനിക്കാനും പത്രത്തിലൂടെ സാധിക്കുമെന്ന് കരുതിയവര്‍ക്ക് അബദ്ധം മനസ്സിലായത് ഏറെ കഴിഞ്ഞാണ്. പത്രത്തിന് സാമാന്യം ഏറെക്കുറെ പ്രചാരം കൈവന്നപ്പോള്‍ മണ്ഡലത്തില്‍ വലിയൊരു ശതമാനം വരുന്ന ബി.ജെ.പിക്കാരും അനുഭാവികളും ‘തുളുനാട് ടൈംസി’നെ തിരസ്‌കരിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഇത് പത്രത്തിന്റെ സര്‍ക്കുലേഷനെ കാര്യമായി ബാധിച്ചു. പ്രചാരം കുറഞ്ഞതോടെ പരസ്യ വരുമാനവും കുറഞ്ഞതാണ് പത്രത്തിന്റെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയത്. ചുരുക്കത്തില്‍ ‘കാസര്‍കോട് സമാചാറി’ന്റെ വഴിയേ ‘തുളുനാട് ടൈംസു’ം അകാല ചരമം പ്രാപിച്ചു…!

0Shares