കന്നഡ നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷ് അന്തരിച്ചു; സംസ്‌കാരം നാളെ

  • Post category:news
  • Reading time:1 min read
You are currently viewing കന്നഡ നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷ് അന്തരിച്ചു; സംസ്‌കാരം നാളെ

ബംഗലൂരു: കന്നഡ നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ബംഗലൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കരോഗബാധിതനായ അദ്ദേഹം ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം നാളെ നടക്കും. കന്നട, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 230 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1972ല്‍ നഗരഹാവു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശം. പിന്നീട് സൂപ്പര്‍ ഹിറ്റുകളിലൂടെ കന്നഡ സിനിമയിലെയിലെ ‘റിബല്‍ സ്റ്റാര്‍’ എന്നറിയപ്പെടാന്‍ തുടങ്ങി.1970-കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അംബരീഷ് കന്നഡ സിനിമയില്‍ തരംഗം സൃഷ്ടിക്കുന്നത്. അംബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബല്‍ സ്റ്റാര്‍ എന്നായിരുന്നു ആരാധകര്‍ വിശേഷിപ്പിച്ചത്.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ അംബരീഷ് എം എല്‍ എ, എം പി, കേന്ദ്ര-സംസ്ഥാന മന്ത്രിപദങ്ങള്‍ എന്നിവ അലങ്കരിച്ചിരുന്നു. 1994-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ് പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96-ല്‍ കോണ്‍ഗ്രസ് ജനതാദളില്‍ ചേര്‍ന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്. പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയില്‍ നിന്നും രണ്ട് തവണ കൂടി ലോക്‌സഭയിലേക്ക് ജയിച്ചു. 2006-ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിന്റെ വിധിയില്‍ കര്‍ണാടകയോട് അനീതി കാണിച്ചെന്ന് ആരോപിച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. അംബരീഷിന്റെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആശുപത്രിക്ക് ചുറ്റും പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. മലയാളികള്‍ക്ക് സുപരിചിതയായ നടി സുമലതയാണ് അംബരീഷിന്റെ ഭാര്യ. മകന്‍: അഭിഷേക്.

0Shares