
കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഇടമുറിയാതെ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. ഏകദേശം ഒന്നേമുക്കാല്‍ മീറ്ററോളം ഉയരത്തില്‍ കയറിയ വെള്ളം ശ്രീകോവിലിന് സമീപമെത്തി. അഞ്ച് ഭണ്ഡാരങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

മഴ കനക്കുമ്പോള്‍ വര്‍ഷങ്ങളായി ഇവിടെ വെള്ളക്കെട്ട് പതിവാണ്. സമീപത്തെ ബസ് സ്റ്റാന്‍ഡും പരിസരവും രാത്രിയില്‍ വെള്ളത്തിലായി. കഴിഞ്ഞ ദിവസം രാവിലെ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങി.രാവിലെ ക്ഷേത്രത്തില്‍ പൂജകള്‍ നടന്നു. നിവേദ്യ സമര്‍പ്പണം മാത്രമാണ് നടന്നത്. ക്ഷേത്രത്തിന് പുറമേ മധൂര്‍ പഞ്ചായത്ത് ഓഫിസും പരിസരവും വെള്ളത്തിലായി. പഞ്ചായത്ത് ഓഫിസ്, അങ്കണവാടി, കൃഷി ഭവന്‍, ഓഡിറ്റോറിയം എന്നിവിടങ്ങളിലെത്താനും കടുത്ത യാത്രാദുരിതമുണ്ടായി.
