
തിരുവനന്തപുരം: കനത്തചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതൽ ആരംഭിച്ച് ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി. തെക്കോട്ടുള്ള ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മലബാര്‍ മേഖലയിലും നാളെ വേനൽ മഴ പ്രതീക്ഷിക്കാം.
തെക്കന്‍ ജില്ലകളായ തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് തുടങ്ങിയ മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ ഇടിയോട് കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ഈ മേഖലകളില്‍ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിൽ, മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
കനത്ത ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനൽ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്. ഇന്നും നാളെയും വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിലും രണ്ട് ഡിഗ്രി വരെ കൂടിയേക്കാം.
