
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിറകെ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ .സുധാകരന്‍. കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ സി.പി.എം നടത്തുന്നത് നഗ്നമായ തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നായിരുന്നു കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ കെ. സുധാകരന്‍റെ പ്രതികരണം.
കണ്ണൂരിൽ കാലങ്ങളായുള്ള പതിവാണ് സി.പി.എമ്മിന്‍റെ കള്ളവോട്ട്. ഇക്കാര്യം മുൻപും താൻ ആരോപിച്ചിട്ടുണ്ട്. ജനഹിതം അട്ടിമറിക്കുകയാണ് ഇതിലൂടെ സി.പി.എം ചെയ്യുന്നത്. ഇത്തരം നടപടികൾക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്തുവിലകൊടുത്തും നടപടികളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം, കള്ളവോട്ട് ചെയ്യാതെ ആണത്തത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം തയ്യാറുണ്ടെങ്കിൽ രംഗത്ത് വരണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാസർകോട് മണ്ഡലത്തിൽപ്പെട്ട കണ്ണുർ ജില്ലയിലെ പ്രദേശങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിറകെയായിരുന്നു സുധാകരന്‍റെ വാർത്താ സമ്മേളനം.
കണ്ണൂരിലെ പിലാത്തറ, എലമംകുറ്റൂർ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതെന്നാണ് ആരോപണം.ഒരാൾ തന്നെ രണ്ട് വോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്നും ആരോപണമുണ്ട്. സി.പി.എമ്മിന് അനുകൂലമായി കള്ളവോട്ട് ചെയ്തെന്നാണ് കോൺഗ്രസ് ആക്ഷേപം.
