കണ്ണൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന 14 കിലോ കഞ്ചാവുമായി തെലങ്കാന സ്വദേശിനി കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ശൈലജ (32) യെന്ന സ്ത്രീയെ കണ്ണപുരം എസ്.ഐ ടി.വി. ധനഞ്ജയദാസും സംഘവും ചേര്‍ന്നും അറസ്റ്റുചെയ്തത്. 25 കിലോ കഞ്ചാവ് പിടിച്ചുവെന്നായിരുന്നു പോലീസിന്റെ ആദ്യ റിപ്പോര്‍ട്ട്. ട്രെയിനില്‍ സാധനങ്ങളുമായി കണ്ണപുരം റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ഉടനായിരുന്നു അറസ്റ്റ്. റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓട്ടോസ്റ്റാന്‍ഡില്‍ സംശയകരമായി കണ്ട യുവതിയെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണു റെയില്‍വേ സ്റ്റേഷനില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ മൊത്ത കച്ചവടത്തിനായി എത്തിച്ചതാണെന്നു യുവതി പറയുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തെലുങ്ക് മാത്രമാണു യുവതി സംസാരിക്കുന്നതിനാല്‍ പോലീസിന് കൂടുതല്‍ ചോദ്യം ചെയ്യാനാകുന്നില്ല.
കണ്ണൂരില്‍ കഞ്ചാവ് വില്‍പനയ്ക്ക് സ്ത്രീകളും; 14 കിലോവുമായി കണ്ണപുരത്ത് തെലുങ്കാന സ്വദേശിനി പിടിയില്‍