ഇരിട്ടി: ആറളം ഫാം ആദിവാസി മേഖലയില്‍ വൃദ്ധയെ കാട്ടാന കുത്തിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ കാര്യത്താന്‍ ദേവു (ചില്ലക്ക 80) വിനെയാണ് ഒറ്റയാന്‍ കുത്തിക്കൊന്നത്. മകള്‍ സുമ (40) കൊച്ചു മക്കള്‍ വിജി (5), സുനില്‍ (2) എന്നിവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഒറ്റയാനിറങ്ങിയത്. ചില്ലക്കയുടെ പ്ലാസ്റ്റിക്ക് മേഞ്ഞ കുടില്‍ ആന ചവിട്ടിത്തകര്‍ത്തു. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ക്കിടയിലേക്കെത്തിയ കാട്ടാന ദേവുവിനെ ചവിട്ടിയും കുത്തിയുമാണ് കൊന്നത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
നാട്ടുകാരും അയല്‍ക്കാരുമെത്തി ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കയച്ചു. ഫാമില്‍ കാട്ടാന കൊല്ലുന്ന ആറാമത്തെയാളാണ് ദേവു. പ്രദേശത്ത് ജനങ്ങള്‍ ക്ഷുഭിതരാണ്. എകെഎസ് നേതൃത്വത്തില്‍ നാട്ടുകാരും ആദിവാസികളും വളയഞ്ചാലിലെ ആറളം വന്യജീവി കേന്ദ്രം ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കുകയാണ്. പൊലീസ്, വനം വകുപ്പ് അധികൃതര്‍ രംഗത്തുണ്ട്. ദേവുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് ഫാമില്‍ എത്തിച്ച് സംസ്‌കരിക്കും.
കണ്ണൂരില്‍ ആദിവാസി വയോധിക കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു; കൊച്ചുമകള്‍ക്ക് പരിക്ക്