കാസര്‍കോട്: ലൈംഗികാരോപണം നേരിട്ട സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയെ കുറ്റവിമുക്തനാക്കി. ശശിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാരഹിതമാണെന്ന് കോടതി വിധിച്ചു. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശശിയെ കുറ്റവിമുക്തനാക്കിയത്. പി. ശശി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ ലൈംഗികമായി ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാരിയായ യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശശിയെ കുറ്റവിമുക്തനാക്കിയത്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ പാലായി പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി നന്ദകുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്. വിശദമായ അന്വേഷണത്തില്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ടി.എന്‍ സജീവ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കേസന്വേഷണത്തിലും സാക്ഷിമൊഴികളിലും പാലായി പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ അത്തരമൊരു സംഭവം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. താന്‍ ഇരയായ സ്ത്രീയെ കാണുകയോ ബന്ധപ്പെടുകയോ ചെചയ്തിട്ടില്ലെന്ന് ക്രൈം നന്ദകുമാറും വ്യക്തമാക്കിയിരുന്നു. മാധ്യമശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് നന്ദകുമാറിന്റെ ശ്രമമെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തങ്ങള്‍ക്ക് പരാതിയില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇരയായ സ്ത്രീയും ഭര്‍ത്താവും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇരയെ കോടതി മുന്‍പാകെ വിളിച്ചു വരുത്തുന്നത് നിയമത്തിന്റെ ദുരുപയോഗമാകും അതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് പരാതി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. എസ്.ഐ ടി.എന്‍ സജീവിന്റെ അന്വേഷണ റിപ്പോര്‍ട്ട് ശരിവച്ചാണ് ശശിയെ കുറ്റവിമുക്തനാക്കിയത്.
കണ്ണൂരിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യമായുള്ള ബന്ധം കെട്ടിച്ചമച്ചത്; ലൈംഗികാരോപണക്കേസില്‍ പി. ശശിയെ കോടതി കുറ്റവിമുക്തനാക്കി