കണ്ണൂരിനെ വിറപ്പിച്ച പുലി പിടിയില്‍…പട്ടാപ്പകലിറങ്ങിയ പുലിയുടെ വിളയാട്ട ദൃശ്യം കാണുക.

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരിനെ വിറപ്പിച്ച പുലി പിടിയില്‍…പട്ടാപ്പകലിറങ്ങിയ പുലിയുടെ വിളയാട്ട ദൃശ്യം കാണുക.

കണ്ണൂര്‍: കണ്ണൂരിലെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പുലിയെ എട്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കീഴ്‌പ്പെടുത്തി. വയനാട് വന്യജീവി സങ്കേതത്തിലെ ഡോക്ടര്‍മാരാണ് പുലിയെ മയക്കുവെടി വച്ചു വീഴ്ത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് തായത്തെരു റെയില്‍വേ ഗേറ്റിന് സമീപം കാണപ്പെട്ട പുലി, മൂന്നു പേരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. പിന്നീട്, റെയില്‍വേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പുലിയെ രാത്രിയോടെയാണ് പിടികൂടിയത്. രാത്രിയായിട്ടും പുലിയെ പിടികൂടാനാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായിരുന്നു. ജില്ലാ പോലീസ് മേധാവിയും കളക്ടറും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. ബംഗാള്‍ സ്വദേശിയായ യുവാവിനും രണ്ടു നാട്ടുകാര്‍ക്കുമാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഒരാളെ വീടിനു മുന്നില്‍ വച്ചും മറ്റു രണ്ടു പേരെ പുലിയുണ്ടോ എന്നു പരിശോധിക്കാന്‍ പോയപ്പോഴുമാണ് പുലി ആക്രമിച്ചത്. കണ്ണൂര്‍ നഗരത്തിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ കാണാന്‍ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നു നൂറുകണക്കിനു പേരാണു വഴിയില്‍ തടിച്ചുകൂടിയത്. പുലിയെ പിടികൂടുന്നതിനായി പുലി പതിയിരുന്ന കുറ്റിക്കാടിനു ചുറ്റും വലവിരിച്ചിരുന്നു. രാത്രിയായതോടെ ഈ മേഖലയിലെങ്ങും സുരക്ഷാ ഉദ്യോഗസ്ഥര്‍ ലൈറ്റുകളും സ്ഥാപിച്ചു. സമീപത്തെ വീടുകളും പോലീസ് ഒഴിപ്പിച്ചു. പുലിയെ കാണാന്‍ തടിച്ചു കൂടിയ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് കസാനക്കോട്ടയിലും പരിസരങ്ങളിലും ജില്ലാ കളക്ടര്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.

https://www.youtube.com/watch?v=-gokqX1I3e0

0Shares