കണ്ടെത്തിയത് അപകടകാരിയായ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന നിപ വൈറസ്; മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ ഭീകരമെന്ന് ആരോഗ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കണ്ടെത്തിയത് അപകടകാരിയായ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന നിപ വൈറസ്; മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ ഭീകരമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരിയായ നിപ വൈറസാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. മലേഷ്യയില്‍ കണ്ടത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആയിരുന്നുവെങ്കില്‍ കോഴിക്കോട് പേരാമ്പ്രയില്‍ കണ്ടെത്തിയത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന തരം വൈറസാണ്. ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസിന് സമാനമാണ് അത്. നിലവില്‍ ഒരു കുടുംബവുമായി ബന്ധമുള്ളവരില്‍ മാത്രമാണ് അസുഖം കണ്ടത്. നിലവിലുള്ള വൈറസ് ബാധയെ നിയന്ത്രിക്കാന്‍ സാധിച്ചാലും അടുത്ത വര്‍ഷവും വൈറസിനെതിരെ ജാഗ്രത വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. നിപ വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. വൈറസ് ബാധയ്ക്ക് രണ്ടാം ഘട്ടം ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാനുള്ള സംവിധാനങ്ങളും തയ്യാറെടുപ്പും ഒരുക്കും. മുന്‍കരുതലെന്ന നിലയില്‍ കൂടുതല്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും. വൈറസ് ബാധ കണ്ടെത്തെന്നുവരുമായി ബന്ധമുള്ളവര്‍ക്ക് നേരിട്ട് കാര്യം അറിയിക്കാനുള്ള സംവിധാനം ഒരുക്കും. എന്‍95 മാസ്‌കുള്‍പ്പെടെയുള്ള കൂടുതല്‍ ഉപകരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അടുത്ത മാസം 10 വരെ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണം തുടരും. ഉത്സവം, ആഘോഷം എന്നിങ്ങനെയുള്ള പൊതുപരിപാടികള്‍ നടക്കുന്ന സ്ഥലത്ത് രോഗിയുമായി ബന്ധമുള്ളവര്‍ പോകാന്‍ പാടില്ലെന്ന് മന്ത്രി നിര്‍ദേശിച്ചു. നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്,മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റാന്‍ യോഗം തിരുമാനിച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും.

0Shares