ലണ്ടന്‍: ബ്രിട്ടനില്‍ പച്ചക്കറികള്‍ക്കുണ്ടായ കടുത്ത ക്ഷാമത്തെ തുടര്‍ന്ന് നിത്യോപയോഗ ഇനങ്ങളായ ലെറ്റൂസ്, ബ്രക്കോളി തുടങ്ങിയവ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഒരാള്‍ക്ക് പരമാവധി മൂന്നോ നാലോ എണ്ണം മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ. മെഡിറ്ററേനിയന്‍ രാജ്യങ്ങളിലെ മഴയും വെള്ളപ്പൊക്കവും കാരണം കൃഷിനാശത്തിലായതോടെ അവിടെ നിന്നുള്ള പച്ചക്കറികളുടെ ഇറക്കുമതി കുറഞ്ഞതാണ് ബ്രിട്ടനില്‍ കടുത്ത പച്ചക്കറി ക്ഷാമം നേരിട്ടത്.

പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതോടെ പലതിനും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞാഴ്ച്ച ഉണ്ടായതിനേക്കാള്‍ ഇരട്ടി വിലയാണ് പച്ചക്കറികള്‍ക്ക് ഈടാക്കുന്നത്. ബ്രക്കോളി, സ്പിനാച്ച്, ലെറ്റൂസ്, കോളിഫ്‌ലവര്‍, ക്യാപ്‌സിക്കം, സാലഡ് കുക്കുമ്പര്‍, ചെറുനാരങ്ങ, ഓറഞ്ച്, തക്കാളി തുടങ്ങിയവയ്ക്കാണ് കടുത്തക്ഷാമം. വരുന്നയാഴ്ചകളിലും ഈ നില തുടരുമെന്നാണ് സൂചന. ഒരുമാസം മുമ്പേ ആരംഭിച്ച ക്ഷാമം കഴിഞ്ഞദിവസങ്ങളിലാണ് മാര്‍ക്കറ്റുകളില്‍ വന്‍തോതില്‍ അനുഭവപ്പെട്ടു തുടങ്ങിയത്. ഇതിനു പരിഹാരമായി മറ്റു സ്ഥലങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ തീരുമാനം.
