കടലോളം ആവേശം നിറച്ച് കാസര്‍കോട് ജില്ലാതല ബീച്ച് ഗെയിംസിന് ചൊവാഴ്ച തുടക്കമാകും

  • Post category:news
  • Reading time:1 min read
You are currently viewing കടലോളം ആവേശം നിറച്ച് കാസര്‍കോട്  ജില്ലാതല ബീച്ച് ഗെയിംസിന് ചൊവാഴ്ച തുടക്കമാകും

കാസര്‍കോട്: വടംവലിയും ഫുട്‌ബോളും വോളിബോളും കബഡിയും കലാ സാംസ്‌കാരിക പരിപാടികളുമൊക്കെയായി ഇനിയുള്ള രണ്ട് രാവുകള്‍ പള്ളിക്കരയിലെ പൂഴിമണ്ണില്‍ ആവേശത്തിരയിളകും. തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍, കായിക യുവജന കാര്യ ക്ഷേമ വകുപ്പ്,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ബീച്ച് ഗെയിംസ് 24, 25 തിയതികളില്‍ പള്ളിക്കര ബേക്കല്‍ ബീച്ചില്‍ നടക്കും.

ഡിസംബര്‍ 24 ന് വൈകുന്നേരം നാലിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്ും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി. ഹബീബ് റഹ്മാന്‍ ഗെയിംസിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തും. തുടര്‍ന്ന് പുരുഷ- വനിതാ ഫുട്‌ബോള്‍ മത്സരങ്ങളും വടംവലി പ്രാഥമിക റൗണ്ട് മത്സരങ്ങളും നടക്കും. വൈകുന്നേരം അഞ്ചിന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉദുമ എം. എല്‍. എ കെ.കുഞ്ഞിരാമന്‍ അധ്യക്ഷനാകും.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ കളക്ടര്‍ ഡോ ഡി.സജിത്ത് ബാബു എന്നിവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്ന് സ്‌കൂള്‍-കേരളോത്സവ വിജയികളായ ടീമുകള്‍ അവതരിപ്പിക്കുന്ന തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി, വനിതാ പൂരക്കളി എന്നിവയോടുകൂടിയ കലാസാംസ്‌കാരിക സായാഹ്നം നടക്കും.

ജില്ലാ ബീച്ച് ഗെയിംസിന്‍റെ രണ്ടാം ദിനമായ ഡിസംബര്‍ 25 ന് വൈകുന്നേരം നാല് മുതല്‍ പുരുഷ-വനിതാ കബഡി, വോളീബോള്‍, മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍, കമ്പവലി മത്സരങ്ങള്‍ നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എ.ഡി.എം.എന്‍. ദേവിദാസ് അധ്യക്ഷനാകും. തുടര്‍ന്ന് പയ്യന്നൂര്‍ എസ്. എസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ബീച്ച് മ്യൂസിക് നൈറ്റും നടക്കും. ജില്ലാ ബീച്ച് ഗെയിംസിന്‍റെ വേദിയില്‍ സന്ദര്‍ശകര്‍ക്കായി ഹോമിയോ ,ഫിഷറീസ് ,വ്യവസായ വകുപ്പുകളുടെ ആകര്‍ഷകമായ പവലിയനുകളും ഒരുക്കിയിട്ടുണ്ട്.

0Shares