കടലില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ എന്തുണ്ട് തീരദേശ സേനയുടെ കയ്യില്‍? നിലവിലെ സൗകര്യം അപര്യാപ്തം; നിസഹാരായി തീരദേശ സേന

  • Post category:news
  • Reading time:1 min read
You are currently viewing കടലില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ എന്തുണ്ട് തീരദേശ സേനയുടെ കയ്യില്‍? നിലവിലെ സൗകര്യം അപര്യാപ്തം; നിസഹാരായി തീരദേശ സേന

കോഴിക്കോട്: കടല്‍ക്ഷോഭത്തില്‍ പെട്ട് തോണിയപകടമുണ്ടാകുന്നവരെ രക്ഷിക്കാന്‍ നിലവിലെ സംവിധാനം അപര്യാപ്തം. ഓഖി ചുഴലിക്കാറ്റുപോലെയുള്ള മഹാമാരികളെത്തിയാല്‍ കടല്‍ നോക്കിയിരിക്കാനെ തീരദേശ സേനക്കാവുകയുള്ളു. തോട്ടിന്‍കരയിലും കായല്‍ത്തീരത്തും അടിയുന്ന മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കാവുന്ന ബോട്ടല്ലാതെ മറ്റു സംവിധാനമൊന്നും നിലവില്‍ തീരദേശ സേനക്കില്ല. സംസ്ഥാനത്തെ 14 പൊലീസ് സ്റ്റേഷനുകളിലായി 450 പൊലീസുകാരും 24 ബോട്ടുകളും ഉണ്ടായിട്ടും കടല്‍ക്ഷോഭം കാരണം ഓള്‍ക്കുപോലും കടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാനാകുന്നില്ല. നിലവിലെ പ്രധാനബോട്ടുകളെല്ലാം കട്ടപ്പുറത്താണ്. പലപ്പോഴും മല്‍സ്യത്തൊഴിലാളികളുടെ ബോട്ട് വാടകയ്‌ക്കെടുത്താണ് സര്‍വീസ് നടത്താറ്. എന്നാല്‍ ചുഴലിക്കാറ്റിന്റെ ഗൗരവം കാരണം പലരും ബോട്ടു നല്‍കാത്തത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിച്ചെങ്കിലും തീരദേശ പൊലീസിന് അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും നമ്മുടെ സര്‍ക്കാര്‍ സംവിധാനം പരാജയപെട്ടു. കോടികള്‍ ചെലവഴിച്ച് കേരളത്തില്‍ എത്തിച്ച ആധുനിക ബോട്ടുകളില്‍ പലതും ഇന്ന് കട്ടപ്പുറത്താണ്. ബോട്ടുകളിലെ അറ്റകുറ്റ പണി നടത്തുന്നതിന് ഗോവയില്‍നിന്നും വിദഗ്ധര്‍ എത്താത്തതാണ് ഇതിന്റെ പ്രധാന കാരണം.ബോട്ടുകളിലെ അറ്റകുറ്റ പണി അതാത് സമയം ചെയ്യാത്തതും ഇപ്പോള്‍ ഒരു ആവശ്യം വരുമ്പോള്‍ കൈ മലര്‍ത്തേണ്ട അവസ്ഥ. എന്നാല്‍ പകരം സംവിധാനം ഒരുക്കാന്‍ അതാത് സഥലത്തെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മിക്ക തീരദേശ പോലീസിനും ഫണ്ട് ഇല്ലാത്തതും ഇപ്പോള്‍ വിനയായി. കടലിലെ നിലവിലെ അവസ്ഥ നോക്കിയാല്‍ ചെറു ബോട്ടുകളില്‍ രക്ഷാ പ്രവര്‍ത്തനവും അസാധ്യമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മല്‍സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകളില്‍ ചിലത് വാടകക്കെടുത്താണ് തീരദേശ പോലീസ് രക്ഷാപ്രവര്‍ത്തനം വിപുലീകരിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഇതും അസാധ്യമാണ്. കടലിലെ കാലാവസ്ഥ പരിഗണിച്ചാല്‍ ചെറുബോട്ടുകള്‍ക്ക് തരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. തിരമാലയില്‍പെട്ട് ബോട്ടുകള്‍ മറിയാനും സാധ്യതയുണ്ട്. തീരദേശസേനക്ക് തീരത്തുനിന്നും 12 നോട്ടിക്കല്‍ മൈല്‍മാത്രമാണ് അധികാര പരിധി. അത് കഴിഞ്ഞാല്‍ നേവിക്കും കോസ്റ്റുഗാര്‍ഡിനുമാണ് അധികാരമിരിക്കുന്നത്. സ്വന്തമായി കപ്പലുപോലുമില്ലാത്ത തീരദേശ പോലിസിന് മല്‍സ്യത്തൊഴിലാളികളുടെ സഹായമാണ് ഇപ്പോഴത്തെ ഏക സംവിധാനം.

0Shares