കടത്തനാട്ടില്‍ തീപ്പൊരി പാറുന്ന പോരാട്ടത്തിന് കളം ഒരുങ്ങുന്നു; വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍

  • Post category:news
  • Reading time:1 min read
You are currently viewing കടത്തനാട്ടില്‍ തീപ്പൊരി പാറുന്ന പോരാട്ടത്തിന് കളം ഒരുങ്ങുന്നു; വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍

നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അത് തീരുമാനമായി. കെ. മുരളീധരന്‍ വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ എതിരിടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആലോചനയാണ് കെ. മുരളീധരന്‍ എന്ന പേരിലെത്തിയത്. നിലവില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എയാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായിരുന്ന കെ. മുരളീധരന്‍. ഗ്രൂപ്പ് തര്‍ക്കത്തില്‍ വടകരയടക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുകയും കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുകയും ചെയ്ത ഘട്ടത്തിലാണ് മല്‍സരത്തിന് കെ. മുരളീധരന്‍ തയ്യാറായത്.

വടകരയില്‍ നിലവിലെ എം.പിയായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വടകരയിലെ സ്ഥാനാര്‍ത്ഥിത്വം തര്‍ക്കമായത്. വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് അറിയിച്ച് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കമാന്‍ഡിന് ഫാക്‌സ് സന്ദേശങ്ങളയയ്ക്കുക പോലും ചെയ്തു.

കോഴിക്കോട്ടേയും കണ്ണൂരിലേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എ.ഐ.സി.സി ആസ്ഥാനത്തേക്ക് നിരന്തരം ഫാക്‌സ് സന്ദേശങ്ങളയച്ചത്.  സി.പി.എം ശക്തനായ പി .ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ആര്‍.എം.പിയും ശക്തമായ പോരാട്ടത്തിന് കോപ്പുകൂട്ടിയിരുന്നു. മുല്ലപ്പള്ളിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് അറിയിച്ച ആര്‍.എം.പി പിന്നീട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാമെന്ന് അറിയിച്ചപ്പോഴും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനായിരുന്നില്ല. വൈകിയെങ്കിലും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ വടകരയില്‍ പി. ജയരാജനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

0Shares