കടക്ക് പുറത്ത് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing കടക്ക് പുറത്ത് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

കാഞ്ഞങ്ങാട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിയിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ വിലക്കി.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അധ്യക്ഷനായ മന്ത്രി ഇ ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയിക്കുകയായിരുന്നു. എന്നാല്‍ എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി രമേശനും ആവശ്യപ്പെട്ടതോടെ സംഭവത്തിന്റെ ഗതി ആകെ മാറി. ഇരുവരും വേദിയില്‍ നിന്ന് ഇറങ്ങി വന്ന് മാധ്യമപ്രവര്‍ത്തകരോട് ഹാളില്‍ നിന്നും പുറത്തിറങ്ങണമെന്ന് ആക്രോശിച്ചതോടെ മുഖ്യമന്ത്രി നേരിട്ട് പുറത്തുപോകാന്‍ അഭ്യര്‍ഥിച്ചു. പി.ആര്‍.ഡി പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയ്‌ക്കെത്തിയത്. ചാനല്‍ ക്യാമറകള്‍ക്ക് ഹാളിന് പുറത്തു തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ സമ്പന്നരെ ഉള്‍പ്പെടുത്തി സിപി.എം ജില്ലാകമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത് ചിലത് മറച്ചു വയ്ക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. അതേസമയം സി.പി.എം അനുഭാവികളായ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹാളില്‍ ഇരിക്കാന്‍ നേതാക്കള്‍ മൗനാനുമതിയും നല്‍കിയിരുന്നു.

0Shares