
കൊച്ചി: റോഡിലൂടെ യാത്ര ചെയ്യുന്ന അപരിചിതരായ ഇരുചകവാഹന യാത്രക്കാരെ കരുവാക്കി കഞ്ചാവ് കടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശി മാഹിനാണ് ഇന്ന് പോലീസ് പിടിയിലായത്. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ഷാഡോ പോലീസ് സംഘത്തിന്‍റെ വാഹനത്തിന് ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മാഹിന്‍ പിടിയിലായത്.
ആലപ്പുഴ നഗരത്തിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്ന മാഹിന്‍ ശനിയാഴ്ചകളില്‍ നാട്ടിലേക്ക് പോകുന്ന സമയത്ത് കഞ്ചാവ് അവിടെയുള്ള കച്ചവടക്കാര്‍ക്ക് വിതരണം നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് വ്യക്തമാക്കി.

ലിഫ്റ്റ് ചോദിച്ച് വാഹനത്തില്‍ കയറിയ മാഹിന്‍റെ പക്കല്‍നിന്നും കഞ്ചാവിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെട്ട ഷാഡോ ഉദ്യോഗസ്ഥന്‍ ഉടന്‍തന്നെ പട്രോളിംഗില്‍ ഉണ്ടായിരുന്ന എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിനെ വിവരം അറിയിക്കുകയും എക്‌സൈസ് സംഘം എത്തി പരിശോധന നടത്തി മാഹിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
ഒന്നേകാല്‍ കിലോയോളം കഞ്ചാവാണ് ഇയാളുടെ പക്കല്‍ നിന്നു പിടികൂടിയത്. റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കൈ കാണിച്ച് വാഹനങ്ങളില്‍ യാത്രചെയ്യുകയും പോലീസ് പരിശോധന നടക്കുന്ന സമയത്ത് കൈവശമുള്ള കഞ്ചാവ് നിറച്ച ബാഗ് ബൈക്കില്‍ തൂക്കിയിട്ട് രക്ഷപെടുകയുമായിരുന്നു ഇയാളുടെ രീതി.
