കാസര്‍കോട്: ജില്ലയിലെ കഞ്ചാവുകടത്തു പൂര്‍ണമായും തടയുന്നതിനായി ജനങ്ങളുടെ സഹായവും സഹകരണവും അത്യാവശ്യമാണെന്ന് ജില്ലാ പോലിസ് മേധാവി കെ.ജി സൈമണ്‍. പത്താംക്ലാസ് വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗളൂരു കേന്ദ്രീകരിച്ചാണ് കാസര്‍കോട്ടേക്ക് കഞ്ചാവ് എത്തുന്നത്. ഇത് സംബന്ധിച്ച് എന്ത് വിവരവും ലഭിച്ചാല്‍ അത് പോലിസിനെ അറിയിക്കേണ്ട ഉത്തരവാദിത്വം ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ മാത്രമേ നടപടികളിലേക്ക് നീങ്ങാനാകൂ. ഇതിനായ് ജനങ്ങളുടെ നിര്‍ലോഭമായ സഹകരണം പോലിസിന് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഉദുമയില്‍ പത്താം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടിമരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. വിദ്യാര്‍ഥി മരിച്ചത് ട്രെയിന്‍ തട്ടിയാണ്. അറസ്റ്റിലായ യുവാക്കള്‍ക്ക് മരണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കഞ്ചാവ് കൈവശം വച്ചതിന്റെ പേരിലാണ് യുവാക്കളെ അറസ്റ്റുചെയ്തതെന്നും വിദ്യാര്‍ഥിയുടെ മരണത്തിന് കഞ്ചാവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
