ഓസ്കാറിലെ മികച്ച സിനിമ ‘പാരസൈറ്റി’ന് തമിഴിലെ വിജയ് ചിത്രവുമായി സാമ്യം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാവ്

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ഓസ്കാറിലെ  മികച്ച സിനിമ ‘പാരസൈറ്റി’ന് തമിഴിലെ വിജയ് ചിത്രവുമായി സാമ്യം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാവ്

ഇത്തവണത്തെ ഓസ്‌കര്‍ വേദിയില്‍ മികച്ച സിനിമക്കും, സംവിധായകനുമടക്കം നാലു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കൊറിയന്‍ ചിത്രമാണ് ‘പാരസൈറ്റ്’. അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ടുള്ള ചൂടേറിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ‘പാരസൈറ്റ്’ ചിത്രം തമിഴ് നടന്‍ വിജയുടെ ‘മിന്‍സാര കണ്ണാ’ എന്ന ചിത്രവുമായി സാമ്യമുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ കൊറിയന്‍ ചിത്രം പാരാസൈറ്റ്, വിജയ് ചിത്രത്തിന്‍റെ കോപ്പിയടിയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്.

സിനിമ കോപ്പിയടിയാണെന്ന് നിര്‍മാതാവ് പി.എല്‍ തേനപ്പന്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. വിജയിയെ നായകനാക്കി കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മിന്‍സാര കണ്ണാ’. ഈ ചിത്രവുമായി പാരസൈറ്റിന് അത്ര ചെറുതല്ലാത്ത സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.

അതേസമയം,തന്‍റെ സിനിമയ്ക്ക് രാജ്യാന്തരശ്രദ്ധ കിട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് രവികുമാര്‍ പറഞ്ഞു. ആ സിനിമയ്ക്ക് ഓസ്‌കര്‍ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും കേസ് കൊടുക്കുന്നത് നിര്‍മാതാവിന്‍റെ തീരുമാനത്തിന് വിടുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.

സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരാസൈറ്റിന്‍റെ നിര്‍മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പി.എല്‍ തേനപ്പന്‍ പറഞ്ഞു. ഒരു രാജ്യാന്തര അഭിഭാഷകന്‍റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്യും. നമ്മുടെ ചില സിനിമകള്‍ അവരുടെ സിനിമകളില്‍ നിന്ന് പ്രചോദനം നേടിയതാണെന്ന് പറയുമ്പോള്‍ അവര്‍ കേസ് കൊടുക്കുന്നുവെന്നും നമ്മളും അതുപോലെ ചെയ്യണമെന്നും തേനപ്പന്‍ കൂട്ടിച്ചേര്‍ത്തു.

0Shares