
കോംബോ ലഞ്ച് വിതരണത്തിന് ഒരുങ്ങുകയാണ് കേരളത്തിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. രാജ്യത്തെ ജയിലുകൾക്ക് ഒരു പുതു മാതൃകയാണ് ഇവിടെ തുടക്കം കുറിക്കുന്നത്. ആവശ്യക്കാർ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ ജയിലിൻ്റെ ആറു കിലോമീറ്റര്‍ ചുറ്റളവിലെങ്കില്‍ 10 മിനിട്ടിനുള്ളില്‍ ലഞ്ച് എത്തും. ചിക്കന്‍ ബിരിയാണിയും മൂന്നു ചപ്പാത്തിയും കോഴിക്കറിയും അടങ്ങുന്ന ലഞ്ചിന് 127 രൂപ മാത്രമാണ് വില. മാത്രമല്ല, ഇതോടൊപ്പം ഒരു ബോട്ടില്‍ വെള്ളവും ഒരു കപ്കേക്കും കൂടി ഉണ്ടാവും.

‘ഫ്രീഡം കോംബോ ലഞ്ച്’ എന്ന് പേരിട്ടിട്ടുള്ള ഈ ജയിൽ സ്‌പെഷ്യൽ ഓണ്‍ലൈന്‍ വിതരണം സ്വിഗിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. വിതരണം ഈമാസം 11ന് ആരംഭിക്കും. ആവശ്യക്കാർക്ക് പ്രത്യേക ടിന്നുകളില്‍ പാക്ക് ചെയ്യുന്ന ഭക്ഷണം പേപ്പര്‍ ബാഗിലാണ് ലഭിക്കുക. 300 ഗ്രാം ബിരിയാണി റൈസ്, റോസ്റ്റഡ് ചിക്കന്‍ ലെഗ് പീസ്, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, മിനറല്‍ വാട്ടര്‍, കപ്കേക്ക്, സലാഡ്, അച്ചാർ എന്നിവയാണ് ഒരു പാക്കില്‍ ഉണ്ടാവുക. എന്നാൽ വെള്ളം ഉള്‍പ്പെടുത്താതെയുള്ള ലഞ്ചിന് 117 രൂപ നല്‍കിയാല്‍ മതി.
