
നെല്ലിക്കട്ട/ കാസർകോട്: ഓർമകളുടെ മരത്തണലിൽ ജീവിത സായാഹ്‌നം കഴിച്ചുകൂട്ടുന്ന വൃദ്ധ മനസ്സുകൾക്ക് ആഹ്ലാദം പകർന്ന് പി. ബി. എം സ്കൂളിലെ റെഡ്‌കോസ് വിദ്യാർത്ഥികൾ ബദിയഡുക്ക ബീജന്തടുക്കയിലെ അസീസിയ സ്നേഹാലയത്തിൽ ഓണം ആഘോഷിച്ചു. വൃദ്ധസദനത്തിൽ പൂക്കളമിട്ടും ഓരോ അന്തോവാസികൾക്കും ഓണകിറ്റ് വിതരണം ചെയ്തും സമൃദ്ധമായ ഓണസദ്യ വിളമ്പി.

അധ്യാപകരും അനധ്യാപകരും അടങ്ങുന്ന കൂട്ടായ്മ പാട്ടും ആട്ടവുമായി ഓണാഘോഷം വേറിട്ട അനുഭവമായി. നാലുചുമരുകളും പാഠപുസ്തകങ്ങൾക്കും അപ്പുറമുള്ള ജീവിതത്തിലെ പുറംതാളുകളെ പരിചയപ്പെടുത്തുക , വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുക എന്നിവയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം . കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മല്ലിക ടീച്ചർ പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം അധ്യക്ഷത വഹിച്ചപ്പോൾ അസീസിയ സ്നേഹാലയത്തിലെ ബീന സ്വാഗതം പറഞ്ഞു.
സ്കൂൾ മാനേജർ ഇ. അബൂബക്കർ ഹാജി, അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, പി. ടി. എ വൈസ്പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു. മാനേജർ ഇ. അബൂബക്കർ ഹാജി സ്നേഹാലയത്തിലെ അന്തേവാസികൾക്ക് ഓണപ്പുടവ കൈമാറി. ജൂനിയർ റെഡ്ക്രോസ്സ് കൺവീനർ ഫസീഹ്ല് ലീസ്സാൻ നന്ദി അറിയിച്ചു.
