
കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രാജസ്ഥാന് പെണ്‍കുട്ടിയെയും മുഖ്യപ്രതി മുഹമ്മദ് റോഷനെയും മുംബൈയില്‍ നിന്നും കണ്ടെത്തി. ഒന്‍പത് ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അടുത്ത രണ്ട് ദിവസത്തിനകം ഇരുവരെയും കേരളത്തില്‍ എത്തിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ താമസസ്ഥലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയെന്നായിരുന്നു പരാതി. പക്ഷെ , കുട്ടി സ്വന്തം ഇഷ്ടപ്രകാരം റോഷനൊപ്പം പോയതാണെന്നാണ് ഇപ്പോള്‍ പോലീസ് നല്കുന്ന വിശദീകരണം. പോലീസിന് പെണ്‍കുട്ടി ഇത്തരത്തില്‍ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ മുംബൈയിലെത്തിയത് എന്നാണ് വിവരം. കൊല്ലത്തുനിന്നും ആദ്യം ഇവര്‍ ബംഗളുരവിലേക്ക് ആണ് പോയത്. ഓച്ചിറയില്‍ വലിയ കുളങ്ങര ഭാഗത്ത് വഴിയോരകച്ചവടം നടത്തിയിരുന്ന രാജസ്ഥാന് ദമ്പതികളെ മര്‍ദ്ദിച്ച് മകളെ തട്ടിക്കൊണ്ടു പോയെന്നായരുന്നു പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ സമരവും നടത്തിയിരുന്നു.
