
ചെന്നൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ചുകൊണ്ട് പ്രശസ്ത നടന്‍ കമല്‍ ഹാസന്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഗാഢമായ ദു:ഖം രേഖപ്പെടുത്തുന്നു എന്ന് അറിയിച്ച കമല്‍, ഒരു സംവാദത്തില്‍ ജയിക്കാന്‍ എതിര്‍ശബ്ദങ്ങളെ തോക്കുകൊണ്ട് നിശ്ശബ്ദമാക്കുന്നത് അധമപ്രവൃത്തിയാണെന്ന് ട്വിറ്ററില്‍ കുറിച്ചു.
ശക്തമായ ഇടതുപക്ഷ അടിത്തറയാണ് തന്‍റെ രാഷ്ട്രീയം എന്ന് ആവര്‍ത്തിക്കുന്ന കമല്‍, അതേ അനുഭാവത്തിലൂടെ സഞ്ചരിച്ച ഗൌരിയുടെ മരണത്തില്‍ ശക്തമായി പ്രതിഷേധിച്ചതിനുപിന്നില്‍ രാഷ്ട്രീയം തന്നെയാണ്. ഇതിനുമുന്‍പ് ഹിന്ദുത്വ ഭീകരരുടെ ഭീഷണികള്‍ നിരവധി തവണ ഏറ്റു വാങ്ങിയിട്ടുള്ളആളാണ് കമല്‍.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ആകെ ഏഴുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം അവരുടെ ദേഹത്തും. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് നെറ്റിയിലും തറച്ചു. നാലു വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന സമയത്ത് രണ്ട് ബൈക്കുകളുടെ ശ്ബ്ദം കേട്ടെന്ന്് അയല്‍വാസി മൊഴിനല്‍കിയിട്ടുണ്ട്. സി. സി. ടി. വിയില്‍ കൊലപാതകം പതിഞ്ഞിട്ടുണ്ടെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ദൃക്‌സാക്ഷികളെയൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല.
ഗൗരി ലങ്കേഷ് ജോലിസ്ഥലത്തേക്കും വീട്ടിലേക്കും നടന്നിരുന്ന വഴിയിലെ സി. സി. ടി. വി ക്യാമറകളും പൊലീസ് പരിശോധിക്കുന്നു. ഗൗരിയെ ആരെങ്കിലും പിന്തുടര്‍ന്നിരുന്നോ എന്ന് അറിയാനാണിത്. ഭീഷണിയുളളതായി ഗൗരി ലങ്കേഷ് ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.അന്വേഷണത്തിനായി ഐ. ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞു. അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. കല്‍ബുര്‍ഗിയുടെ കൊലുപാതകവുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ആഹഌദം പ്രകടിപ്പിച്ചു സംഘപരിവാര്‍ അനുകൂലികളും മാധ്യമപ്രവര്‍ത്തകരുമടക്കം രംഗത്തെത്തിയിട്ടുണ്ട്. സീ മീഡിയയിലെ മുന്‍ മാധ്യമപ്രവര്‍ത്തക ജാഗ്രതി ശുക്ല ട്വീറ്റ് ചെയ്തത് കമ്യൂണിസ്റ്റായിരുന്ന ഗൗരി ലങ്കേഷ് ദയാരഹിതമായി കൊല്ലപ്പെട്ടുവെന്നും നിങ്ങളുടെ പ്രവൃത്തി തിരിച്ചുവന്ന് നിങ്ങളെ വേട്ടയാടിയെന്നുമാണ്. ഗൗരി ലങ്കേഷിനായി ഇപ്പോള്‍ വിലപിക്കുന്നവരുടെയൊക്കെ മനുഷ്യത്വം കേരളത്തില്‍ ആര്‍. എസ്. എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എവിടെയായിരുന്നെന്നും ജാഗ്രതി ചോദിക്കുന്നു.
നക്‌സല്‍ അനുഭാവിയ മാധ്യമപ്രവര്‍ത്തക വീട്ടില്‍ വെടിയേറ്റ് മരിച്ചെന്നാണ് കന്നട പത്രമായ വിശ്വവാണിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ട്വീറ്റ് ചെയ്തത്. മാര്‍ക്‌സിസ്റ്റ് ശൂര്‍പണഖയെ കാലപുരിക്കയച്ചു എന്നാണ് ഒരു സംഘപരിവാര്‍ അനുകൂലി ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് ആഘോഷിക്കേണ്ട സമയമാണെന്നും നിരവധി സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.
