കാസര്‍കോട്: ഒരു ട്രാന്‍സ്ജെന്ററിന്റെ കഥ പറഞ്ഞ് ലിപിക അയ്യപ്പത്തിന്റെ സംവിധാനത്തില്‍ വിഷ്ണു പരമേശ്വരന്റെ ഫോട്ടോ സ്റ്റോറി ഫേസ് ബുക്കില്‍ പുറത്തിറങ്ങി. ലിപികയുടെ ഭര്‍ത്താവാണ് ഫോട്ടോഗ്രാഫര്‍ വിഷ്ണു പരമേശ്വരന്‍. കേരളത്തില്‍ ആദ്യമായാണ് ഫോട്ടോ സ്‌റ്റോറി പരീക്ഷണമായി ഇറങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ രണ്ടാമത്തെ ഫോട്ടോസ്‌റ്റോറിയാണിത്. ഗായത്രിയുടേയും കൂട്ടുകാരന്‍ ഗോപിയുടെയും കഥ പറയുന്നതാണ് ഈ ചിത്രങ്ങള്‍. ഗോപിയായി വേഷമിട്ടിരിക്കുന്നത് കാസര്‍കോട് പിലിക്കോട് സ്വദേശിയായ നവനീത് കൃഷ്ണനാണ്.
സാങ്കല്‍പ്പിക കഥാപാത്രമായ ഗായത്രിയുടെ വേഷം ചെയ്തിരിക്കുന്നത് ട്രാന്‍സ്ജെന്ററായ മായ ആന്‍ ജോസഫ് ആണ്. 57 ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഫോട്ടോ സ്‌റ്റോറി തയ്യാറാക്കിയത്. കുട്ടിക്കാലം മുതല്‍ കൂട്ടുകാരായിരുന്നു ഗണേശനും ഗോപിയും. ഗോപിയോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു ഗണേശന്. പിന്നീടാണ് ഗണേശന്‍ മെല്ലെ ഗായത്രിയായി മാറുന്നത്. പിന്നീട് കുളിക്കടവില്‍ വച്ച് മാധവന്‍ എന്നായാള്‍ ഗായത്രിയെ പീഡിപ്പിക്കാന്‍ ശ്രമിക്കാന്‍ പിന്തുടര്‍ന്നെത്തിയിരുന്നു. ഈ സമയം ഗോപി കടവിലെത്തുകയും മാധവിനെ തള്ളിമാറ്റി ഗായത്രിയെ രക്ഷിക്കുകയാണുണ്ടായത്.
മല്‍പിടുത്തിനിടേ ഗോപി മാധവിനെ വെള്ളത്തില്‍ മുക്കികൊല്ലുകയും പോലിസില്‍ നിന്ന് രക്ഷനേടാന്‍ നാട് വിട്ട് ഓടിപ്പോകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും ഓടിപ്പോയ ഗോപിയെ കാത്തിരിക്കുന്ന ഗായത്രിയും പിന്നീട് അവരുടെ കൂടികാഴ്ച്ചയുമാണ് കഥ. സ്ഥിരം കേട്ടുവരുന്ന കഥയില്‍നിന്ന് വ്യത്യസ്തമായി ട്രാന്‍സ് ജന്റേറിനെ വച്ച് പരീക്ഷണം നടത്തുകയാണ് സംവിധായിക ലിപിക അയ്യപ്പത്ത്. വിവാഹം കഴിക്കാനും ഒരാളാല്‍ സ്നേഹിക്കപ്പെടാനും കൊതിക്കുന്ന ധാരാളം ട്രാന്‍സ്ജന്റേര്‍സിനെ എനിക്കറിയാമെന്ന് സംവിധായിക പറയുന്നു. ഒരാളാല്‍ അംഗീകരിക്കപെടുക എന്നതാണ് അവരുടെ വലിയ സ്വപ്നം.
ആ ഒരു വീക്ഷണത്തില്‍ നിന്ന് കൊണ്ടാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ഇതിനായി ഒരുപാട് പേരുടെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ട്. മായ ട്രാന്‍സ്‌ജെന്റെര്‍ ആണ് എന്നതിനാല്‍ തന്നെ ഷൂട്ടിങ്ങിന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ ധാരാളം. വിശ്വാസപരമായി അവരെ അംഗീകരിക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. വളരെ പ്രയാസപ്പെട്ടാണ് ഷൂട്ടിങ്ങിനായി ഒരുകാവ് കിട്ടിയതെന്ന് അവര്‍ പറയുന്നു. ഇരിങ്ങോല്‍ കാവില്‍ സെറ്റിട്ടാണ്ണ് ഷൂട്ട് നടത്തിയത്. വരിക്കാശ്ശേരി മന, തൃശ്ശൂര്‍, ചാലക്കുടി എന്നിവടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍. ഒരുമാസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.

ഒരു ട്രാന്‍സ്ജെന്ററിന്റെ കഥ പറഞ്ഞ് ‘പ്രതീക്ഷ’ പുറത്തിറങ്ങി; കേരളത്തിലെ ആദ്യഫോട്ടോ സ്‌റ്റോറി ഒരുക്കിയത് ദമ്പതികള്‍