കാസര്‍കോട്: ഒന്നരവയസുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ കോടതി റിമാണ്ട് ചെയ്തു. എരിയാല്‍ ബള്ളീറിലെ നസീമ(40)യാണ് റിമാണ്ടിലായത്. 18 ന് ഉച്ചയ്ക്കാണ് നസീമയുടെ മകള്‍ ആയിഷത്ത് ഷംനാസിനെ എരിയാല്‍ ബള്ളീറിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്കൊപ്പം നടന്നുപോകുന്നതിനിടെ ഷംനാസ് കാല്‍വഴുതി കിണറ്റില്‍ വീണുവെന്നാണ് നേരത്തെ നസീമ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലയാണെന്ന് തെളിഞ്ഞത്. ഒന്നരവയസായിട്ടും കുട്ടി നടക്കാത്തതിനാലാണ് കിണറ്റിലെറിഞ്ഞതെന്ന് നസീമ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം കൊല കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷമാണ് പോലിസ് പ്രതിയെ അറസ്റ്റുചെയ്യുന്നത്. ആദ്യം കുട്ടി കിണറ്റില്‍ വീണ് മരിച്ചതിനാണ് കേസെടുത്തത്. കൊല ചെയ്തത് മാതാവാണെന്ന് പോലിസിന് ബോധ്യം വന്നിട്ടും വീട്ടിലിരിക്കുന്ന പ്രതിയുടെ അറസ്റ്റ് വൈകുകയായിരുന്നു. പ്രതി മാനസികാസ്വാസ്ഥ്യത്തിന് പരിയാരം മെഡിക്കല്‍ ആശുപത്രിയിലെ മനോരോഗ വിദഗ്ദ്ധന്റെ കീഴിലില്‍ ചികിത്സയിലായിരുന്നു. നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു പോലിസ് അറസ്റ്റു കാണിച്ചത്. 302 വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഷംനയുടെ ഇരട്ടയായ മറ്റൊരു കുഞ്ഞ് നേരത്തെ വീട്ടില്‍ ഉറുമ്പരിച്ച് മരിച്ച സംഭവവുമുണ്ടായിരുന്നു.
ഒന്നരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന് വീട്ടിലിരുന്ന മാതാവിനെ പോലിസ് അറസ്റ്റുചെയ്തത് അഞ്ചുദിവസം കഴിഞ്ഞ്; ഒന്നര വയസായിട്ടും നടക്കാത്തതിനാലാണ് കൊന്നതെന്ന് മാതാവിൻ്റെ മൊഴി; അറസ്റ്റ് വൈകാന്‍ കാരണമായതെന്ത് ?