തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരാനാണ് സാധ്യതയെന്ന് കാലാസവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയെ തുടർന്ന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായിട്ടുണ്ട്. ഇതാണ് സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കാന്‍ കാരണമായത്. കേരളത്തെ കൂടാതെ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മഴയും കാറ്റും ശക്തമായിട്ടുണ്ട്. മഴയെത്തുടര്‍ന്ന് പുഴകളെല്ലാം കവിഞ്ഞൊഴുകുന്നു. ചെറിയ അണക്കെട്ടുകള്‍ പലതും തുറന്നുവിട്ടു. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്റെയും വയനാട്ടില്‍ ബാണാസുരസാഗര്‍ അണക്കെട്ടിന്റെയും ഷട്ടറുകളും തുറന്നു. എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി സിഗ്‌നല്‍ സംവിധാനം തകരാറിലായി.
തൃശൂര്‍ ചാവക്കാട്ട് കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം മൂലം നൂറോളം വീടുകളില്‍ വെള്ളം കയറി. സംസ്ഥാനത്തെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, എം.ജി സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. ആരോഗ്യ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു