ശ്രീനഗര്‍: ഹിമാലയം തുരന്ന് നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാത പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉധംപൂര്‍ ജില്ലയിലെ ചെനാനിയില്‍ ആരംഭിക്കുന്ന തുരങ്കപാതയ്ക്ക് 9.2 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. 2011 ല്‍ 3,720 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ പാത റംബാന്‍ ജില്ലയിലെ നഷ്‌റിയിലാണ് അവസാനിക്കുന്നത്. ഈ തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടിയിലുള്ള 30.11 കിലോമീറ്ററുകളോളം ദൂരം ലാഭിക്കാനാവും. ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാതയുള്ളത് നോര്‍വയിലാണ്. 24.51 കിലോമീറ്ററാണ് നോര്‍വയിലെ തുരങ്കത്തിലൂടെ സഞ്ചരിക്കേണ്ടത്. മണിക്കൂറില്‍ 50 കിലോമീറ്ററാണ് തുരങ്കത്തിലെ വേഗ നിയന്ത്രണം. കൂടാതെ ഡിംമോഡില്‍ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കണം. തുരങ്കത്തിനുള്ളിലെ വാഹനഗതി, വായു സഞ്ചാരം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മുഴുവനും പുറത്ത് നിന്നും നിയന്ത്രിക്കാനാകും. ഇങ്ങനെ ഒട്ടെറെ സവിശേഷതകളുമായാണ് ഈ തുരങ്കം നിര്‍മ്മിച്ചിട്ടുള്ളത്.

അടിയന്തര ഘട്ടങ്ങളില്‍ വാഹനങ്ങളില്‍നിന്നു യാത്രക്കാരെ ഒഴിപ്പിച്ചു പുറത്തെത്തിക്കാനുള്ള സംവിധാനവുമുണ്ട് തുരങ്കത്തിനുള്ളില്‍ ഓരോ എട്ടു മീറ്ററിനുമിടയില്‍ ശുദ്ധവായു കടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം വെന്റിലേഷന്‍ സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെയും ലോകത്തെ ആറാമത്തെയും തുരങ്കമാണിത്. നിരീക്ഷണത്തിനായി 124 വീഡിയോ ക്യാമറകള്‍, ജനാലകള്‍ പോലെയുള്ള സംവിധാനം, വൈദ്യുതി സംവിധാനങ്ങള്‍, എസ്.ഒ.എസ് കോള്‍ ബോക്‌സ് (സുരക്ഷാ സംവിധാനം), സ്വയം പ്രവര്‍ത്തിക്കുന്ന അഗ്‌നിശമന സംവിധാനങ്ങള്‍, എഫ്.എം സിഗ്‌നല്‍ റിപ്പീറ്റര്‍ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച കാര്യങ്ങളെല്ലാം ഈ തുരങ്കപാതയില്‍ ഒരുക്കിയിട്ടുണ്ട്.