കാസര്‍കോട്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കാസര്‍കോട്ടുകാര്‍ക്ക് ആശ്വാസ വാര്‍ത്ത. കാസര്‍കോട് ജില്ലയ്ക്ക് സ്വന്തമായി പാസ് പോര്‍ട്ട് സേവാ കേന്ദ്രം അധികൃതര്‍ അനുവദിച്ചു. ഫെബ്രുവരി 28 മുതല്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാനത്തിന് രണ്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നത്. കാസര്‍കോടിന് പുറമെ പത്തനംതിട്ടയിലാണ് പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇത്രയുംകാലം കാസര്‍കോട് ജില്ലയിലെ ആളുകള്‍ പയ്യന്നൂരിലുള്ള പാസ്പോര്‍ട്ട് സേവാകേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്.

ജില്ലയില്‍നിന്നും ആയിരക്കണക്കിന് ആളുകള്‍ ജോലി ആവശ്യത്തിനും സന്ദര്‍ശനത്തിനും തീര്‍ത്ഥാടനത്തിനും ഒക്കെയായി ഗള്‍ഫിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പോകുന്നുണ്ട്. കീലോമീറ്ററുകള്‍ സഞ്ചരിച്ച് ഇവിടത്തെ ആളുകള്‍ക്ക് പയ്യന്നൂരിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിലേക്ക് പോകേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. കനത്ത തിരക്കിനിടയില്‍ പാസ്പോര്‍ട്ട് നേടിയെടുക്കുകയെന്നതും എളുപ്പമായിരുന്നില്ല. പയ്യന്നൂരിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ലഭിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും കാസര്‍കോട് ജില്ലയില്‍നിന്നുള്ളവരുടേതാണെന്ന് വിവരാവകാശ രേഖയിലൂടെ വ്യക്തമായിരുന്നു. കഴിഞ്ഞ യു പി എ ഭരണകാലത്താണ് പയ്യന്നൂരില്‍ സ്വകാര്യ ഏജന്‍സിക്ക് പാസ്പോര്‍ട്ട് സേവാ കേന്ദ്രം അനുവദിച്ചത്. അപ്പോള്‍തന്നെ കാസര്‍കോട്ടും സേവാകേന്ദ്രം അനുവദിക്കണമെന്ന് ജില്ലയില്‍നിന്നുള്ള ജനപ്രതിനിധികളും പ്രവാസി സംഘടനകളും ട്രാവല്‍ ഏജന്‍സി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. പക്ഷെ അധികാരികള്‍ കനിഞ്ഞത് ഇപ്പോഴാണെന്നു മാത്രം. കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതില്‍ പ്രവാസി ലോകവും തികഞ്ഞ ആഹ്ലാദത്തിലാണ്.