ന്യൂഡല്‍ഹി: ആഗോള ഭീകരസംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കിയ മലയാളി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദീന്‍ പാറക്കടവത്താണ് അറസ്റ്റിലായത്. അബുദാബിയില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൊയ്‌നുദീനെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്.

മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടബോര്‍ രണ്ടിന് കണ്ണൂരിലെ കനകമലയില്‍ നിന്ന് അഞ്ചു പേരെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതേ ദിവസം മറ്റൊരാളെ കോഴിക്കോട്ടു നിന്നും പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൊയ്‌നുദീന്‍ മുഖ്യ പങ്കാളിയാണെന്ന വിവരം ലഭിച്ചത്.

ടെലിഗ്രാം ഗ്രൂപ്പുകളില്‍ അബു അല്‍ ഇന്തോനേഷി (ഇബ്‌നു അബ്ദുല്ല) തുടങ്ങിയ പേരുകളില്‍ മൊയ്‌നുദീന്‍ സജീവമാണെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഐ.എസുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അബുദാബിയില്‍ നിന്ന് വെസ്റ്റേണ്‍ മണി ട്രാന്‍സ്ഫര്‍ വഴി മൊയ്‌നുദീന്‍ പണമയച്ചതായും എന്‍.ഐ.എ പറഞ്ഞു.